Asianet News MalayalamAsianet News Malayalam

എഞ്ചിനീയറിംഗിന് ഒന്നര ലക്ഷം, പിഎച്ച്ഡിക്ക് നാല് ലക്ഷം! പെരുകുന്ന വ്യാജ സർവകലാശാലകൾ

'ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചനീയറിംഗ് ബിരുദം തരാം. 2010 മുതൽ 2014 വരെ പഠിച്ചെന്ന രീതിയിൽ സർട്ടിഫിക്കറ്റ്‌ തരും. 25000 രൂപ ഒരോ വർഷത്തിന്റെ ഫീസ്' - പറയുന്നതാരെന്നോ, ഇല്ലാത്ത ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ. 

fake universities emerges despite ban at delhi asianet news investigation
Author
New Delhi, First Published Dec 7, 2019, 11:16 AM IST

ദില്ലി: രാജ്യതലസ്ഥാനം വ്യാജസർവകലാശാലകളുടെ കേന്ദ്രമാകുന്നു. ഒന്നരലക്ഷത്തിന് എഞ്ചിനീയറിംഗ് ബിരുദവും നാല് ലക്ഷത്തിന് എഞ്ചിനീയറിംഗ് പിഎച്ച്ഡിയും നൽകുന്ന സ്ഥാപനങ്ങളാണ് നിയന്ത്രണ അതോറിറ്റികൾക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടങ്ങുകയാണ് ഇന്ന് മുതൽ. 'സർവകലാശാലകളിലും വ്യാജൻ'..

2010-ൽ എഞ്ചിനീയറിംഗ് പഠനം രണ്ടാം വർഷം അവസാനിപ്പിച്ചതിനാല്‍ വീണ്ടും ബിരുദ പഠനം നടത്താനാകുമോ എന്ന അന്വേഷണമാണ് ദില്ലിയിലെ ജഹാംഗീർപുരിയിലെ വിശ്വകർമ്മ സർവകലാശാലയിൽ എത്തിച്ചത്. സർവകലാശാല പ്രവർത്തിക്കുന്ന സഞ്ജീവ് എൻക്ലേവിൽ ഞങ്ങൾ എത്തി. പുറത്ത് വിശ്വകർമ്മ സ‍ർവകലാശാല എന്ന ബോർഡ്. മൂന്നാം നിലയിലേക്ക് കയറി. അകത്ത് രണ്ട് മുറിയിലായി ഒരു 'സര്‍വ്വകലാശാല'.

വൈസ് ചാൻസിലർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഡോ. മഹാജനോടും പ്രോ. വൈസ് ചാൻസിലർ ഡോ. ലീനയോടും കാര്യം പറഞ്ഞു. 2010-ൽ പഠനം തുടങ്ങി 2014-ൽ പാസ്സായ വിദ്യാർത്ഥി എന്ന നിലയിൽ മാർ‍ക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും തരാമെന്ന് ഉറപ്പ്.

'ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചനീയറിംഗ് ബിരുദം തരാം. 2010 മുതൽ 2014 വരെ പഠിച്ചെന്ന രീതിയിൽ സർട്ടിഫിക്കറ്റ്‌ തരും. 25000 രൂപ ഒരോ വർഷത്തിന്റെ ഫീസ്' - ഇല്ലാത്ത ഒരു സർവകലാശാലയുടെ വൈസ് ചാൻസലറുടെ ഉറപ്പ്.

എന്ന് കിട്ടും സർട്ടിഫിക്കറ്റ് എന്ന് ചോദിച്ചപ്പോൾ ഉടനെന്ന് മറുപടി. പതിനഞ്ച് ദിവസത്തിനകം തരാമെന്നാണ് വാഗ്ദാനം. മൊത്തം ഒന്നരലക്ഷം മുടക്കണം. 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് തരുന്നതിനൊപ്പം പിഎച്ച്ഡി വേണമെങ്കിൽ അതും നൽകും. പക്ഷേ നാലു ലക്ഷം കൂടി നൽകണം.

''പിഎച്ച്ഡി വേണോ, അതും തരാം, അതിന്റെ അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റും ഉണ്ട്. ഇതു കഴിഞ്ഞ് അതും തരാം'', എന്ന് ഡോ മഹാജൻ. 

വിശ്വകർമ്മ സർ‍വകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റകൾ കാണിച്ച് വിശ്വസിപ്പിക്കാൻ ശ്രമം. ജോലി കിട്ടാൻ ഈ ബിരുദങ്ങൾ മതിയോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ:

''ദാമൻ ദിയു, ദില്ലി സർക്കാർ ,വിവിധ സംസ്ഥാനങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലും ഇങ്ങനെ സർട്ടിഫിക്കറ്റുമായി ജോലി തരപ്പെടുത്തിയവരുണ്ട്. റെയിൽവേയിൽ വരെ ഉണ്ട്''.

മലയാളികൾ ഉൾപ്പടെ നിരവധി പേർ സ‍ർവകലാശാലയുടെ സർട്ടിഫിക്കറ്റുമായി വിദേശത്ത് ഉൾപ്പെടെ ജോലി നേടിയിട്ടുണ്ടെന്നും മഹാജൻ വെളിപ്പെടുത്തി. കോഴ്സിനായുള്ള രേഖകൾ പൂരിപ്പിച്ചു നൽകി രണ്ട് ദിവസത്തിനകം പണവുമായി എത്താമെന്നു പറഞ്ഞ് ഞങ്ങളിറങ്ങി.

അഞ്ച് വർഷം മുൻപ് യുജിസി കരിന്പട്ടികയിൽ പെടുത്തിയതാണ് ഈ വിശ്വകർമ്മ സർ‍വകലാശാലയെ. എന്നിട്ടും അധികാരികളുടെ മൂക്കിന് താഴെ വീണ്ടും പ്രവർത്തനം സജീവം. ഇത്തരത്തിൽ നിരവധി ഇല്ലാ 'സർവകലാശാല'കളുണ്ട് രാജ്യത്ത്. അവയെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം തുടരും. നാളെ... 

Follow Us:
Download App:
  • android
  • ios