രാജസ്ഥാനിലെ നിഹൽപൂരിൽ നിന്നുള്ള വിമലേഷ്‍ ബെൻദാര, നീലം എന്നീ സ്ത്രീകളാണ് കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കിയത്.

ജയ്പൂര്‍: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനോടുള്ള ആദര സൂചകമായി നവജാത ശിശുക്കള്‍ക്ക് 'അഭിനന്ദന്‍' എന്ന പേര് നല്‍കി കുടംബങ്ങൾ. രാജസ്ഥാനിൽ നിന്നുള്ള രണ്ട് കുടുംബങ്ങളാണ് ഇന്നലെ ജനിച്ച തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അഭിനന്ദന്‍ എന്ന പേര് നൽകിയത്.

രാജസ്ഥാനിലെ നിഹൽപൂരിൽ നിന്നുള്ള വിമലേഷ്‍ ബെൻദാര, നീലം എന്നീ സ്ത്രീകളാണ് കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കിയത്. അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയ വാര്‍ത്ത ഇവര്‍ അറിഞ്ഞിരുന്നില്ല. പ്രസവത്തിന് ശേഷം കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അഭിനന്ദന്‍ തിരികെ എത്തിയ വിവരം ഇരുവരും അറിഞ്ഞത്. ഇതോടെ വിങ് കമാന്ററുടെ പേര് തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 

Scroll to load tweet…

പാകിസ്ഥാന്‍റെ പിടിയിലായതിന് ശേഷം മണിക്കൂറുകള്‍ നീണ്ടുനിന്ന അവ്യക്തതകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ വര്‍ധമാൻ പാക് സേനയുടെ പിടിയിലായത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.

Scroll to load tweet…

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്‍ററെ കാത്തുനിന്നത്.