ദില്ലി: ബംഗാളിലെ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. മെയ് മുപ്പതിന് നടക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ക്ഷണമുണ്ട്. ക്ഷണം സ്വീകരിക്കുന്നതായി കഴിഞ്ഞ ദിവസം മമത പ്രതികരിക്കുകയും ചെയ്തിരുന്നു.

അതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് പ്രകാരം 51 കുടുംബങ്ങളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

തന്‍റെ അച്ഛന്‍ തൃണമൂല്‍ ഗുണ്ടകളാല്‍ കൊല്ലപ്പെട്ടതാണ്. ഇപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് സമാധാനമുണ്ട്. ഇന്ന് ഞാന്‍ ദില്ലിക്ക് പോകുമ്പോള്‍ സന്തോഷവാനാണ് എന്നായിരുന്നു ക്ഷണം ലഭിച്ച മനു ഹന്‍സ്ദയുടെ പ്രതികരണം. മിഡ്നാപൂര്‍ മണ്ഡലത്തില്‍ തൃണമൂലിനെ പരാജയപ്പെടുത്തി ബിജെപി പ്രസിഡന്‍റ് ദിലിപ് ഘോഷ് വിജയിച്ചിരുന്നു.