ആർജെഡിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിൻ്റെ മക്കളായ തേജസ്വി യാദവും രോഹിണി ആചാര്യയും തമ്മിൽ രൂക്ഷമായ തർക്കം. 

പറ്റ്ന: ആർജെഡിയിലെ തർക്കം കുടുംബത്തിനുള്ളിലെ വിഷയമെന്ന് ലാലു പ്രസാദ് യാദവ്. പ്രശ്നങ്ങൾ താൻ ഉടൻ പരിഹരിക്കുമെന്ന് ലാലു പ്രസാദ് യാദവ് ആർജെഡി നേതാക്കളോട് പറഞ്ഞു. ആർജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലുവിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്‍റെ പെണ്‍മക്കൾ വീട് വിട്ട് ഇറങ്ങിയിരുന്നു.

ലാലുവിന്‍റെ മക്കളായ തേജസ്വി യാദവും രോഹിണി ആചാര്യയും തമ്മിലാണ് വഴക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വഴക്ക് തുടങ്ങിയത്. ഇതാദ്യമായാണ് മക്കളുടെ തർക്കത്തെ കുറിച്ച് ലാലു മനസ്സ് തുറന്നത്- "ഇതൊരു കുടുംബ കാര്യമാണ്. ഇത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കും. ഇത് കൈകാര്യം ചെയ്യാൻ ഞാൻ ഇവിടെയുണ്ട്". ലാലുവിൻ്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകൾ മിസ ഭാരതി, ജഗദാനന്ദ് സിംഗ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ആർജെഡി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ലാലുവിന്‍റെ പ്രതികരണം.

ലാലു പ്രസാദ് യാദവ് തേജസ്വിയെ പ്രശംസിച്ചു. ബിഹാർ തെരഞ്ഞെടുപ്പിൽ തേജസ്വി കഠിനാധ്വാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 243 അംഗ നിയമസഭയിൽ ആർജെഡിക്ക് 25 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2010-ന് ശേഷം ആർജെഡിയുടെ രണ്ടാമത്തെ മോശം പ്രകടനമായിരുന്നു ഇത്.

തേജസ്വി - രോഹിണി വഴക്ക്

ലാലുപ്രസാദ് യാദവിന് 9 മക്കളാണുള്ളത്. സഹോദരി രോഹിണിയാണ് പരാജയത്തിന് കാരണമെന്ന് തേജസ്വി ആരോപിച്ചതോടെയാണ് വഴക്ക് തുടങ്ങിയതെന്ന് ആർജെഡി വൃത്തങ്ങൾ പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വീടുവിട്ട രോഹിണി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം സരൺ മണ്ഡലത്തിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും രോഹിണി പരാജയപ്പെട്ടിരുന്നു. "ഞാൻ എല്ലാ കുറ്റവും ഏറ്റെടുക്കുകയാണ്" എന്നാണ് രോഹിണി സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തേജസ്വിയുടെ സഹായികളെ ചോദ്യം ചെയ്യുന്നവരെ വീട്ടിൽ നിന്ന് പുറത്താക്കുകയാണെന്ന് അവർ ആരോപിച്ചു.

"എനിക്കിനി കുടുംബമില്ല. പോയി സഞ്ജയ്, റമീസ്, തേജസ്വി യാദവ് എന്നിവരോട് ചോദിക്കൂ. ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർക്ക് താൽപ്പര്യമില്ലാത്തതുകൊണ്ട് അവർ എന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കി. ചാണക്യനാകാൻ ആഗ്രഹിക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുക. ഈ അവസ്ഥയിൽ പാർട്ടി എങ്ങനെ എത്തിച്ചേർന്നുവെന്നാണ് ലോകം ചോദിക്കുന്നത്. സഞ്ജയ്, റമീസ് എന്നിവരുടെ പേര് പറയുമ്പോൾ, വീട്ടിൽ നിന്ന് പുറത്താക്കും. അപമാനിക്കും, ചെരിപ്പെറിയും" അവർ പറഞ്ഞു.

കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും തനിക്ക് ഉപേക്ഷിക്കേണ്ടി വന്നെന്ന് രോഹിണി പറഞ്ഞു. താൻ അച്ഛന് നൽകിയ വൃക്കപോലും "വൃത്തികെട്ടതാണ്" എന്ന അധിക്ഷേപം പോലും കേൾക്കേണ്ടി വന്നെന്ന് രോഹിണി പറഞ്ഞു- "എല്ലാ സഹോദരിമാരും പെൺമക്കളും സ്വന്തം കുടുംബം ശ്രദ്ധിക്കണം. കുട്ടികളെയും ഭർതൃവീട്ടുകാരെയും നോക്കണം. എൻ്റെ മൂന്ന് മക്കളെയും ശ്രദ്ധിക്കാത്തതും വൃക്ക ദാനം ചെയ്യുമ്പോൾ എൻ്റെ ഭർത്താവിൻ്റെയോ ഭർതൃവീട്ടുകാരുടെയോ അനുവാദം വാങ്ങാത്തതും വലിയ പാപമാണ്. നിങ്ങളാരും ഞാൻ ചെയ്തതുപോലുള്ള തെറ്റ് വരുത്താതിരിക്കട്ടെ. ഒരു കുടുംബത്തിനും രോഹിണിയെപ്പോലെ ഒരു മകൾ ഉണ്ടാകാതിരിക്കട്ടെ"- രോഹിണി പറഞ്ഞു.

മുതിർന്ന സഹോദരനായ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ രോഹിണി ആചാര്യ അസ്വസ്ഥയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ രോഹിണി തേജസ്വിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു. ലാലുവിൻ്റെ മറ്റ് മൂന്ന് പെൺമക്കളായ രാജ്‌ലക്ഷ്മി, രാഗിണി, ചന്ദ എന്നിവരും പട്നയിലെ സർക്കുലർ റോഡിലെ വസതി വിട്ടെന്നാണ് റിപ്പോർട്ട്.