ആസാം: കഴിഞ്ഞ വർഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ പൂർണ്ണകായ പ്രതിമ നിർമ്മിച്ചിരിക്കുകയാണ് കുടുംബാം​ഗങ്ങളും ​ഗ്രാമവാസികളും. ആസാമിലെ ബക്സയിലാണ് കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായിരുന്ന മനേശ്വർ ബസുമാറ്ററിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഗുവാഹത്തിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള തമുൽപൂർ സ്വദേശിയായിരുന്നു ഇദ്ദേഹം. ബസുമാറ്ററിയുടെ കുടുംബാം​ഗങ്ങളും ​ഗ്രാമവാസികളും ചേർന്ന് പത്ത് ലക്ഷം രൂപ സമാഹരിച്ചാണ് ജവാന്റെ ബഹുമാനാർത്ഥം ഫൈബർ ​ഗ്ലാസ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 

സിആർ‌പി‌എഫ് ഉദ്യോഗസ്ഥരും ജവാനും ചേർന്ന് പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രതിമ കാണുന്നവരെല്ലാം തന്റെ പിതാവിന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബസുമാറ്ററിയുടെ മകൻ ധനജ്ഞയ് വ്യക്തമാക്കി. ''സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിക്കുകയും ഞങ്ങളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്. സിആർപിഎഫ് ഉദ്യോ​ഗസ്ഥർ ഞങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാറുമുണ്ട്. എന്നാൽ ഞങ്ങൾക്ക് പ്രതീകാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ആളുകൾ പ്രതിമ കാണുമ്പോൾ അവന്റെ കഥയെക്കുറിച്ച് അന്വേഷിക്കും. ഈ ​ഗ്രാമത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം എന്ന് എല്ലാവരും അറിയും.'' ധനഞ്ജോയ് ബസുമാറ്ററി പറഞ്ഞു.
 
ഇത്തരം പ്രവർത്തനങ്ങൾ യുവാക്കളെ സായുധ സേനയിൽ ചേരാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ​ഗ്രാമവാസികൾ വ്യക്തമാക്കി. രാഷ്ട്രീയക്കാർ കാണാൻ വന്നാലും ഇല്ലെങ്കിലും പണം സ്വരൂപിച്ച് പ്രതിമ പണിയുമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നതായി ജവാന്റെ ബന്ധുവായ കമൽ ബോറോ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.