രാഷ്ട്രീയത്തിൽ അധികാരം ഏതെങ്കിലും കുടുംബത്തിൻ്റേതാവാൻ പാടില്ല. ജനാധിപത്യത്തിന് അത് അപകടകരമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം ആളുകൾ ഒരു കുടുംബത്തിൽ നിന്ന് രാഷ്ട്രീയരം​ഗത്ത് സജീവമാകുന്നത് കുടുംബാധിപത്യമാകില്ല.

ദില്ലി: ഭരണഘടനാ ദിനാഘോഷത്തിനിടെ (constitution day) കോൺ​ഗ്രസ് അടക്കം കുടുംബാധിപത്യം നിലനിൽക്കുന്ന പാർട്ടികളെ പരോക്ഷമായി വിമ‍ർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi). പാർലമെൻ്റിൽ വച്ചു നടന്ന ഭരണഘടനാദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് പ്രധാനമന്ത്രി ഇന്ത്യൻ രാഷ്ട്രീയത്തിൽ കുടുംബാധിപത്യത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്ക‍ർ ഓംപ്രകാശ് ബി‍ർള എന്നിവ‍ർ ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രകാശനം ചെയ്തു. 

മോദിയുടെ വാക്കുകൾ -

ഭരണ​ഘടനയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കടമകൾ നിർവഹിച്ച് മുന്നോട്ടുപോകണം. മഹാത്മാഗാന്ധി, ബി.ആ‍ർ.അംബേദ്കർ, ഡോ.എസ്.രാജേന്ദ്രപ്രസാദ് എന്നിവർക്ക് ഭരണഘടനാ ദിനത്തിൽ ആദരമർപ്പിക്കുകയാണ്. സ്വാതന്ത്രത്തിനായി പോരാടിയ എല്ലാവരുടേയും ത്യാഗത്തിന് മുൻപിൽ ഈ ദിനത്തിൽ കുമ്പിടുന്നു. മുംബൈ ഭീകരാക്രമണത്തിൻ്റെ വാ‍ർഷികദിനം കൂടിയായ ഇന്ന് രാജ്യത്തിന് ദുഖകരമായ ഓ‍ർമ്മയാണ്. വിഘടിച്ചു നിന്ന നാട്ടുരാജ്യങളെ ഭരണഘടനയിലൂടെ ഒന്നിപ്പിക്കാനായി. വിവിധ അനുച്ഛേദങ്ങളുടെ ശേഖരമല്ല മറിച്ച് സഹസ്രാബ്ദങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള വൈവിധ്യങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് ഭരണ​ഘടന. ഈ ഭരണഘടനാദിനാഘോഷചടങ്ങ് ഏതെങ്കിലും പാ‍ർട്ടിക്കോ പ്രധാനമന്ത്രിക്കോ വേണ്ടിയല്ല. ഇത് അംബേദ്​ക്കറിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പരിപാടിയാണ്. 

രാഷ്ട്രീയത്തിൽ അധികാരം ഏതെങ്കിലും കുടുംബത്തിൻ്റേതാവാൻ പാടില്ല. ജനാധിപത്യത്തിന് അത് അപകടകരമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം ആളുകൾ ഒരു കുടുംബത്തിൽ നിന്ന് രാഷ്ട്രീയരം​ഗത്ത് സജീവമാകുന്നത് കുടുംബാധിപത്യമാകില്ല. എന്നാൽ തലമുറകളായി ഒരു കുടുംബം അധികാരം കൈയ്യാളുന്ന അവസ്ഥ അപകടകരമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യ സ്വഭാവം നഷ്ടമാകുമ്പോൾ ഭരണഘടനയുടെ ആത്മാവിനാണ് മുറിവേൽക്കുന്നത്. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും. കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളാൽ നയിക്കപ്പെടുന്ന കുടുംബങ്ങളുടെ പാ‍ർട്ടികളാണ് ഇന്ത്യയിൽ ചിലത്. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ വാക്കുകൾ - 
ഏഴ് ദശാബ്ദം കൊണ്ട് ലോകത്തെ വിസ്മിപ്പിക്കുന്ന ജനാധിപത്യ വികാസം ഇന്ത്യയിൽ ഉണ്ടായി. ഭരണഘടനയുടെ ബലത്തിലാണ് ഇത് സാധ്യമായത്. ലോകം ആദരവോടെ നോക്കി കാണുന്ന ആദർശങ്ങളെല്ലാം ഭരണഘടനയിൽ ഉൾക്കൊള്ളുന്നു. ഭരണഘടനയുടെ ആദ്യ വരി തന്നെ കൂട്ടായ്മയെ തെളിയിക്കുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നാൽ പൊതു സേവനത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ആകരുത് അവയൊന്നും.