നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച് മോദി വിമര്‍ശനം ഉയർത്തിയത്.
ദില്ലി: ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Family Politics wont allow in BJP). നേതാക്കളുടെ മക്കള്‍ക്ക് മത്സരിക്കാൻ സീറ്റ് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. യുക്രൈൻ രക്ഷാദൗത്യത്തെ കുറിച്ചും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി വിശദീകരിച്ചു
നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച് മോദി വിമര്‍ശനം ഉയർത്തിയത്. സാധാരണ വിമർശനം പ്രതിപക്ഷ പാർട്ടികള്‍ക്ക് എതിരെ ആണെങ്കില്‍ ഇത്തവണ പക്ഷെ അത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ക്കെതിരെ ആയിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടതായി മോദി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മോദി വ്യക്തമാക്കി. കുടംബാധിപത്യം ജാതീയതയിലേക്ക് നയിക്കുന്നതാണെന്നും പാര്‍ട്ടിയുടെ പോരാട്ടം കുടുബാധിപത്യത്തിനെതിരെ ആണെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ്,എസ് പി അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ ഇതേ വിഷയത്തില്‍ ബിജെപി എടുക്കുന്ന നിലപാട് ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമർശം. പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ആരെയും പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം മുഴുവനും. എന്നാല്‍ കേള്‍വിക്കാരോടൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഉണ്ടായിരുന്നു. രാജ്നാഥ് സിങിന്‍റെ മകൻ പങ്കജ് സിങ് നോയിഡയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് മത്സരിച്ചത്. യോഗത്തില്‍ യുക്രൈൻ രക്ഷാദൗത്യത്തെ കുറിച്ചും മോദി വിശദീകരിച്ചു. നാല് സംസ്ഥാനത്തെ വിജയത്തില്‍ മോദിക്കും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡക്കും നേതാക്കള്‍ പ്രത്യേക സ്വീകരണം നല്‍കി
