മൂന്ന് പേരുടെ പരിശോധാനാ ഫലം പോസിറ്റീവായി. മരിച്ചയാളുടെ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.  

ബെംഗളുരു: മൃതദേഹവുമായി മുംബൈയില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്ത ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുമായി മുംബൈയില്‍ നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേകാനുമതി നേടിയാണ് കര്‍ണാടകയിലെ ഇയാളുടെ സ്വദേശത്തേക്ക് ആറ് ബന്ധുക്കള്‍ മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചത്. 

മാണ്ഡ്യയില്‍ വച്ച് ഇയാളുടെ സംസ്കാരച്ചടങ്ങുകള്‍ നടത്തിയതിനുശേഷം ഇവരെ പരിശോധനയ്ക്ക് വിധേയമാക്കി. മൂന്ന് പേരുടെ പരിശോധാനാ ഫലം പോസിറ്റീവായി. മരിച്ചയാളുടെ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. 

മാണ്ഡ്യയിലേക്കുള്ള യാത്രയില്‍ ഒരു സ്ത്രീയെയും മകനെയും ഇവര്‍ വാഹനത്തില്‍ കയറ്റിയിരുന്നു. ഇവരുടെയും പരിശോധനാഫലം പോസിറ്റീവാണ്. ഇവരുടെ മകന്‍ ഒരു സ്വകാര്യ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഇയാളിലൂടെയാണ് വൈറസ് പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആറ് പേരും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്.