ഹിമാചൽ പ്രദേശിലെ ചമ്പയിൽ മിന്നൽ പ്രളയത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ഒരു കുടുംബം സാഹസികമായി രക്ഷപ്പെടുത്തി. നവവധു ഉൾപ്പെടെയുള്ളവർ തങ്ങളുടെ ദുപ്പട്ടകൾ കൂട്ടിക്കെട്ടി കയറുപോലെയാക്കി യുവാവിനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പയിൽ മിന്നൽ പ്രളയത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ സ്വന്തം ജീവൻ പണയം വെച്ച് ഒരു കുടുംബം രക്ഷപ്പെടുത്തി. റോഡിലേക്ക് കുതിച്ചൊഴുകിയ വെള്ളത്തിൽ ഒലിച്ചുപോകാതെ യുവാവിനെ കുടുംബം രക്ഷിച്ചത് ഒരു ഷാൾ ഉപയോഗിച്ചാണ്. നവദമ്പതികളും മറ്റൊരു സ്ത്രീയും പുരുഷനും അടങ്ങുന്ന കുടുംബമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഭട്ടിയാതിലെ ഭർമാല പ്രദേശത്തുള്ള കാകിയാര - തുനുഹട്ടി റോഡിലാണ് സംഭവം നടന്നത്.
കാറിൽ സഞ്ചരിക്കവേയാണ് വെള്ളത്തിന് നടുവിൽ പെട്ടുപോയ യുവാവിനെ കുടുംബം കണ്ടത്. ഉടൻ തന്നെ കാർ നിർത്തി. നവവധു ഉൾപ്പെടെ രണ്ട് സ്ത്രീകൾ തങ്ങളുടെ ഷാൾ കൂട്ടിക്കെട്ടി കയറു പോലെയാക്കി വെള്ളത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന് നേരെ നീട്ടി നൽകി. ഷാളിന്‍റെ ഒരറ്റത്ത് പിടിച്ച് അയാളെ കുടുംബാംഗങ്ങൾ സുരക്ഷിതമായ സ്ഥാനത്തേക്ക് വലിച്ചു കയറ്റി. വഴുവഴുപ്പുള്ള പ്രതലത്തിൽ നിന്ന് ശക്തമായ ഒഴുക്കിനെ വകവെയ്ക്കാതെയാണ് ആ കുടുംബം ധൈര്യസമേതം യുവാവിനെ രക്ഷിച്ചത്.
ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കുടുംബത്തിന്‍റെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് ഒരു ജീവൻ രക്ഷിച്ചത്. സ്വന്തം സുരക്ഷ പോലും നോക്കാതെ മറ്റൊരാളെ സഹായിക്കാൻ മുന്നോട്ടുവന്ന ഈ കുടുംബത്തെ അഭിനന്ദിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
ഒരു നിമിഷം പോലും കളയാതെ, ഒരു ജീവൻ രക്ഷിക്കാൻ ഈ നവ ദമ്പതികൾ വധുവിന്റെ ദുപ്പട്ട കയറാക്കി മാറ്റിയെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഒരു ജീവൻ രക്ഷിക്കാൻ ദൈവം അയച്ച ദൂതന്മാരാണ് അവരെന്നാണ് മറ്റൊരാൾ കുറിച്ചത്. ഈ കുടുംബത്തെ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന മറ്റൊരു ആശംസ.
