അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒയെ നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി ക്ഷേത്രം ട്രസ്റ്റിന് കൈമാറും. ബുധനാഴ്ച നടക്കുന്ന ട്രസ്റ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ എത്തിയെന്ന് റിപ്പോർട്ട്. സെപ്റ്റംബർ രണ്ടിന് അയോധ്യയിൽ നടക്കുന്ന നിർണായക യോഗത്തിൽ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന് സമർപ്പിക്കും. ഇതിന് മുന്നോടിയായി സെർച്ച് കമ്മിറ്റി അംഗങ്ങളായ റിട്ട. ലഫ്. ജനറൽ വിഷ്ണു കാന്ത് ചതുർവേദി, മുൻ ശാസ്ത്രജ്ഞനായ സുരേഷ് ഹവാരെ, മുൻ ജഡ്ജി പ്രമോദ് കോഹ്ലി എന്നിവർ അയോധ്യയിൽ എത്തി മഹന്ത് നൃത്യ ഗോപാൽ ദാസുമായി കൂടിക്കാഴ്ച നടത്തി.

സെപ്റ്റംബർ രണ്ടിന് നടക്കുന്ന ട്രസ്റ്റ് യോഗത്തിന് ശേഷം സിഇഒയെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഇഒ സ്ഥാനത്തേക്ക് താൽപര്യമറിയിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5585 അപേക്ഷകൾ സെർച്ച് കമ്മിറ്റിക്ക് ലഭിച്ചു. അപേക്ഷകരിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ ബ്രിഗേഡിയർ റാങ്കിന് മുകളിലുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്നുണ്ട്. കൂടാതെ, എൻജിഒകളുമായി ബന്ധപ്പെട്ട പ്രൊഫഷണലുകളും സിഇഒ സ്ഥാനത്തേക്ക് സന്നദ്ധത അറിയിച്ച് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സെർച്ച് കമ്മിറ്റി 16 അപേക്ഷകരെ ഇൻ്റർവ്യൂ ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള മൂന്നുപേരുടെ വീതം പാനലുകളും സെർച്ച് കമ്മിറ്റി തയ്യാറാക്കിക്കഴിഞ്ഞു.

ക്ഷേത്രത്തിന്റെ ഭരണ-നിർവഹണ ഘടന ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിഇഒ നിയമനം. ബുധനാഴ്ച നടക്കുന്ന യോഗത്തിൽ വിവിധ കമ്മിറ്റികളെ പുനസംഘടിപ്പിക്കുന്നതും രാമക്ഷേത്രത്തിൻ്റെ ഭരണപരമായ കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. സംഭാവനക്കൊള്ളയെ തുട‍ർന്ന് ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവർ രാജിവെച്ച ജനറൽ സെക്രട്ടറി, ട്രസ്റ്റി അം​ഗം തസ്തികകളിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ചും യോ​ഗത്തിൽ ച‍ർ‍ച്ച നടക്കും. കൂടാതെ, ക്ഷേത്രം ട്രസ്റ്റ് വക്താവിനെ നിയമിക്കുന്ന കാര്യവും ച‍ർച്ച ചെയ്തേക്കും.