സൈനികർക്ക് അടക്കം പരിശീലനം നൽകി പാരാഗ്ലൈഡിംഗ് രംഗത്ത് പ്രമുഖ വ്യക്തിയാണ് പരിശീലന പറക്കലിനിടെ കൊല്ലപ്പെട്ടത്. 

പൂനെ: പരിശീലന പറക്കലിനിടെ അപകടം പ്രമുഖ ഇന്ത്യൻ പാരാഗ്ലൈഡിംഗ് പൈലറ്റിന് ദാരുണാന്ത്യം. പൂനെ സ്വദേശിയായ വിജയ് സോണി എന്ന പാരാഗ്ലൈഡിംഗ് പൈലറ്റാണ് മാസിഡോണിയയിൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യയിൽ പാരാഗ്ലൈഡിംഗ് രംഗത്ത് സമാനതകളില്ലാത്ത നേട്ടമുണ്ടാക്കിയ 53കാരനാണ് ആകാശ അപകടത്തിൽ കൊല്ലപ്പെട്ടത്. ക്രോസ് കൺട്രിയിൽ 64 കിലോമീറ്റർ പാരാഗ്ലൈഡ് ചെയ്യുകയു ദേശീയ, അന്തർ ദേശീയ മത്സരങ്ങളിൽ രാജ്യത്തിന്റെ പേര് ഉയർത്തുകയും ചെയ്ത പൈലറ്റാണ് വിജയ് സോണി.

ജൂലൈ 5നാണ് മാസിഡോണിയയിൽ പരിശീലന പറക്കലിനിടയിൽ അപകടമുണ്ടായതെന്നാണ് കുടുംബം പ്രതികരിച്ചിട്ടുള്ളത്. ഫ്ലൈമാസ്റ്റർ ഓപ്പൺ പാരാഗ്ലൈഡിംഗ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി ആയിരുന്നു വിജയ് സോണി മാസിഡോണിയയിൽ എത്തിയത്. എന്നാൽ മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ അപകടമുണ്ടായി എന്നാണ് പുറത്ത് വരുന്നത്. 1996ലാണ് വിജയ് സോണ് പാരാഗ്ലൈഡിംഗ് രംഗത്തേക്ക് വരുന്നത്. പരിശീലകനായും പിന്നീട് പൂനെയിലെ ലോനാവാലയിൽ സ്വന്തം അക്കാദമിയും ആരംഭിച്ച വിജയ് സോണി ഇന്ത്യൻ സൈനികർക്ക് അടക്കം പരിശീലനം നൽകിയിട്ടുണ്ട്.

ഇന്ത്യയ്ക്കായി പാരമോട്ടർ മത്സരത്തിൽ ആദ്യമായി വിജയി ആയതും വിജയ് സോണി ആയിരുന്നു. രാജ്യത്തെ 40ലേറെ മത്സരങ്ങളിൽ വിജയ് സോണി പ്രതിനിധീകരിച്ചിരുന്നു. പോസ്റ്റ്‍മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിജയ് സോണിയുടെ കുടുംബമുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം