ദില്ലി: പാർലമെൻററി രാഷ്ട്രീയത്തോട് തല്ക്കാലം വിട പറയുകയാണെന്ന് മുൻ ലോസ്കഭ സ്പീക്കർ സുമിത്ര മഹാജൻ. സാമൂഹിക പ്രവർത്തന രംഗത്ത് ഉടൻ സജീവമാവുമെന്നും സുമിത്ര മഹാജൻ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്സഭയെ നയിച്ച രണ്ടാമത്തെ വനിത സ്പീക്ക‍ർ. ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായ വനിത. പരിധികൾ ലംഘിക്കുന്ന പാർലമെൻറംഗങ്ങളുടെ ചെവിക്ക് പിടിക്കുന്ന കാർക്കശ്യക്കാരി. ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് സുമിത്ര മഹാജന്. എട്ട് തവണ ഇൻഡോറിൽ നിന്ന് വിജയിച്ച സുമിത്ര മഹാജൻ 99ലെ വാജ്പേയ് മന്ത്രിസഭയിലെ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സുമിത്ര മഹാജൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ്. പാർലമെൻറിലെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ദില്ലിയിലെ അക്ബർ റോഡിലുള്ള വസതിയിലിരുന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സുമിത്ര മഹാജൻ. 

തന്നെ സന്ദർശിക്കാനെത്തിയ നിയുക്ത സ്പീക്കർ ഒംബിർലയ്ക്ക് നൽകിയ മാർഗനിർദേശങ്ങളെപ്പറ്റി ചോദിച്ചപ്പോൾ സുമിത്ര മഹാജന്‍റെ മറുപടി ആരെയും ഉപദേശിക്കാൻ താൻ ആളല്ലെന്നും അദ്ധേഹത്തിന് ആശംസകളറിയിച്ചുവെന്നുമായിരുന്നു. സുമിത്ര മഹാജന് ദില്ലി കേവലം ഔദ്യാഗിക ഇടം മാത്രമായിരുന്നില്ല. ഏറെ ഹൃദയബന്ധം സൂക്ഷിച്ച ഇവിടെ നിന്നിറങ്ങുമ്പോൾ ആരോടും പരിഭവമില്ലെന്നും സുമിത്ര മഹാജൻ പറയുന്നു.