ദില്ലി: കാർഷിക നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് കർഷക സംഘടന നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിയ എട്ടാം  വട്ട ചർച്ചയും പരാജയം. ഇനി ഈ മാസം 15 ന് വീണ്ടും ചർച്ച നടത്തും. എന്നാൽ പതിനഞ്ചിന് നടക്കുന്ന ചർച്ച പങ്കെടുക്കണോ എന്ന കാര്യം പതിനൊന്ന് നടക്കുന്ന കർഷകരുടെ യോഗത്തിൽ  തീരുമാനിക്കുമെന്ന് ചർച്ചയ്ക്കെത്തിയ കിസാൻ സഭ നേതാവ് ഹനൻ മൊല്ല അറിയിച്ചു.

കാർഷിക നിയമങ്ങൾ സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കേന്ദ്ര കൃഷി മന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ കോടതിയിൽ പോകില്ലെന്നാണ് തീരുമാനം. ചർച്ചയിൽ ചൂടേറിയ വാക്കേറ്റം ഉണ്ടായി. സമരത്തിനെതിരെ സുപ്രീം കോടതി വിധി വന്നാലും അംഗീകരിക്കില്ലെന്നും ഹനൻ മൊല്ല വ്യക്തമാക്കി. 

നാടകീയ രംഗങ്ങളാണ് ഇന്നത്തെ ചർച്ചയ്ക്കിടെ നടന്നത്. തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ചർച്ചയ്ക്കെത്തിയ കർഷകനേതാക്കൾ മൗനവ്രതം നടത്തി. നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെ ചർച്ചയ്ക്കെത്തിയ കേന്ദ്ര മന്ത്രിമാരും പ്രതിരോധത്തിലായി. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോകുമെന്ന പ്ലക്കാർഡുകളടക്കം ഉയർത്തിയാണ് ചർച്ചയ്ക്കെത്തിയ കർഷക നേതാക്കൾ പ്രതിഷേധിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും പ്രത്യേകം യോഗം ചേർന്നു.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും അമിത്ഷായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കർഷകരുമായുള്ള ചർച്ചയ്ക്കെത്തിയത്. ജനാധിപത്യത്തിൽ ചർച്ചയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂവെന്നും ചർച്ചയിൽ നിന്ന് പിൻമാറുന്ന നിലപാട് കർഷക സംഘടനകൾ കൈകൊള്ളരുതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. എന്നാൽ  ഇന്നും  തീരുമാനമായില്ലെങ്കിൽ ഇനി ചർച്ച വേണ്ടെന്ന് നിലപാടിലായിരുന്നു ക‌ർഷക സംഘടനകൾ.