ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കർഷകൻ. തിരുച്ചിറപ്പള്ളിയിലെ എറക്കുടി ഗ്രാമത്തിലെ പി. ശങ്കർ എന്നയാളാണ് മോദിക്ക് വേണ്ടി ക്ഷേത്രം പണിതത്. ബിജെപിയുടെ കർഷകസംഘടനാ പ്രവർത്തകൻ കൂടിയായ ശങ്കർ, തന്റെ പത്തേക്കർ കൃഷിയിടത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. പ്രധാനമന്ത്രി എനിക്ക് ദൈവത്തേക്കാള്‍ വലുതാണെന്ന് ശങ്കര്‍ പറയുന്നു.

മോദിയോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് ശങ്കർ ക്ഷേത്രം പണികഴിപ്പിച്ചത്. കല്ലിൽ കൊത്തിയ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രം 1.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ‘നരേന്ദ്രമോദി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധിയിലുടെ കർഷകനായ എനിക്ക് 2000 രൂപ ലഭിച്ചു. ഗ്യാസ് കണക്ഷനും പുതിയ ശൗചാലയവും കിട്ടി’ ശങ്കര്‍ പറയുന്നു.

എട്ട് മാസം മുമ്പാണ് ക്ഷേത്രം നിർമ്മിക്കാൻ തുടങ്ങിയതെന്നും എന്നാൽ കഴിഞ്ഞ ആഴ്ചയാണ് പണി പൂർത്തിയാക്കാൻ സാധിച്ചതെന്നും ശങ്കർ വ്യക്തമാക്കുന്നു. ക്ഷേത്രത്തില്‍ പൂജകൾ ആരംഭിച്ചിട്ടുണ്ട്. ശങ്കര്‍ തന്നെയാണ് പൂജാരി. ക്ഷേത്രത്തിനുള്ളില്‍ ഗാന്ധിജി, അമിത് ഷാ, ജയലളിത ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും പതിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേരാണ് ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.