"ജീവനുണ്ടെങ്കില്‍ ഇനിയും സമ്പാദിക്കാം. നമുക്ക് ചുറ്റുമുള്ളവര്‍ രോഗം കൊണ്ടോ വിശപ്പ് കൊണ്ടോ പ്രയാസപ്പെടരുത്" എന്ന് മുന്നി ദേവി പറയുന്നു.

ജയ്പൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ദുരിതത്തിലായത്. ഇവരെ സഹായിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവർ രം​ഗത്ത് വരികയാണ്. ഇത്തരത്തിൽ ലോക്ക്ഡൗണിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ തന്റെ സമ്പാദ്യമായ 50 ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് ഒരു കർഷകൻ.

രാജസ്ഥാനിലെ 67 വയസ്സുകാരനായ പബുറാം മണ്ടയാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവൃത്തി ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വരെ 83 ഗ്രാമങ്ങളിലായി 6000 കുടുംബങ്ങള്‍ക്കാണ് പബുറാം ഭക്ഷണം വിതരണം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

"കുറഞ്ഞ സൗകര്യങ്ങളും വിഭാവങ്ങളും കൊണ്ട് രാജ്യത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണ് കർഷകർ. അതിനാൽ ഈ പരീക്ഷണ സമയങ്ങളിൽ, നമ്മുടെ സൈന്യം ചെയ്യുന്നതുപോലെ രാജ്യത്തിനായി നിലകൊള്ളാൻ ഞങ്ങൾ തീരുമാനിച്ചു. ഈ സമയത്ത് രാജ്യത്തിന് എന്നെ ആവശ്യമാണ്, എന്നാലാവുന്നത് ഞാൻ ചെയ്യുകയാണ്"പബുറാം പറയുന്നു.

ഭാര്യ മുന്നി ദേവിയും പബുറാമിന്റെ തീരുമാനത്തിന് പൂർണ പിന്തുണ നൽകികൊണ്ട് ഓപ്പം തന്നെയുണ്ട്. "ജീവനുണ്ടെങ്കില്‍ ഇനിയും സമ്പാദിക്കാം. നമുക്ക് ചുറ്റുമുള്ളവര്‍ രോഗം കൊണ്ടോ വിശപ്പ് കൊണ്ടോ പ്രയാസപ്പെടരുത്" എന്ന് മുന്നി ദേവി പറയുന്നു.

ലോക്ക്ഡൗണിൽ ദിവസവേതനക്കാരും കുടിയേറ്റ തൊഴിലാളികളും കഷ്ടപ്പെടുകയാണ്. ഇവരെ കണ്ടെത്തി വീടുകളിൽ ഭക്ഷണക്കിറ്റുകള്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് മകൻ രാം‌നിവാസ് മണ്ട പറയുന്നു.10 കിലോ മാവ്, 1 കിലോ പയർവർഗ്ഗങ്ങൾ, 1 കിലോ എണ്ണ, ബിസ്കറ്റ്, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് പത്ത് ദിവസത്തേക്ക് ഉപകരിക്കും.

പഞ്ചായത്ത് അധികൃതരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തിയത്. ഏപ്രിൽ രണ്ട് മുതലാണ് ഇത്തരത്തിൽ ഭക്ഷ്യകിറ്റുകൾ പാവപ്പെട്ട കുടുംബങ്ങളിൽ എത്തിക്കാൻ തുടങ്ങിയതെന്നും പബുറാം പറയുന്നു.