Asianet News MalayalamAsianet News Malayalam

കെജ്രിവാളിന്റേത് നാടകം, പ്രതിപക്ഷ പാർട്ടികളുടെ നീക്കവുമായി ബന്ധമില്ല: കർഷക നേതാവ് ബൽദേവ് സിർസ

കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമത്തിൽ അഞ്ച് ഭേദഗതികൾ എന്ന ഉറപ്പാണ് ഇന്നലെ അമിത് ഷാ വാഗ്ദാനം ചെയ്തത്

Farmer leader Baldev singh sirsa accuse Arvind Kejriwal support political drama
Author
Delhi, First Published Dec 9, 2020, 10:47 AM IST

ദില്ലി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച കേന്ദ്രസർക്കാർ നിലപാടിനോട് പ്രതികരിച്ച് കർഷക നേതാവ് ബൽദേവ് സിങ് സിർസ. നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമെന്നും സിർസ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.

കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമത്തിൽ അഞ്ച് ഭേദഗതികൾ എന്ന ഉറപ്പാണ് ഇന്നലെ അമിത് ഷാ വാഗ്ദാനം ചെയ്തത്. ഇത് എഴുതി നൽകാമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ ഉറപ്പ് എഴുതി നൽകാമെന്നാണ് ഇന്നലെ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയിൽ അമിത് ഷാ വ്യക്തമാക്കിയത്. നിര്‍ദേശങ്ങൾ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകൾ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്ന നിലപാട് സംഘടനകൾ ആവര്‍ത്തിക്കുകയാണ്. 

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ സി പി അധ്യക്ഷൻ ശരത് പവാർ എന്നിവർക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. കർഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികൾ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios