കർഷക സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിൽ ദില്ലിയിലേക്ക് യാത്ര തിരിച്ച വോളണ്ടിയർമാർ ഇന്ന് ഷാജഹാൻപൂർ അതിർത്തിയിലെത്തി സമരത്തിൽ പങ്കാളികളാകും
ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ കർഷകർ നടത്തിവരുന്ന സമരം അൻപത്തൊന്നാം ദിനത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിലും മാറ്റമില്ലെന്ന് കർഷകർ വ്യക്തമാക്കി.
അതേസമയം കർഷക സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിൽ ദില്ലിയിലേക്ക് യാത്ര തിരിച്ച വോളണ്ടിയർമാർ ഇന്ന് ഷാജഹാൻപൂർ അതിർത്തിയിലെത്തി സമരത്തിൽ പങ്കാളികളാകും. സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനു പിന്നിൽ കേന്ദ്ര സര്‍ക്കാരാണെന്നും കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കർഷക സംഘടനകൾ പറഞ്ഞു.
18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ സുപ്രിംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്.
സമിതിയിലെ രണ്ട് കർഷക നേതാക്കളും നേരത്തെ നിയമത്തെ അനുകൂലിച്ച് കത്ത് നല്കിയവരാണെന്നും വിഗദ്ധരായ അശോക് ഗുലാത്തിയും ജോഷിയും പരിഷ്ക്കാരത്തിന് ശുപാർശ നല്കിയവരെന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര നിർദേശം നേരത്തെ കർഷക സംഘടനകൾ തള്ളിയതാണ്. പുതിയ സമിതിയിൽ അതിനാൽ പ്രതീക്ഷയില്ല. പഞ്ചാബിൽ നിന്നുള്ള 31 കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിൽ സമിതിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സുപ്രീം കോടതിയുടെ താൽക്കാലിക ഇടപെടലിന് വഴങ്ങി സമരം അവസാനിപ്പിച്ചാൽ നിയമങ്ങൾ റദ്ദാകില്ലെന്നാണ് പൊതുവികാരം.
സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കർഷക വിരുദ്ധ നിയമങ്ങളെ പിന്തുണച്ചവരിൽ നിന്ന് നീതി പ്രതീക്ഷിക്കാമോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും വരെ സമരം അവസാനിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. നിയമം സ്റ്റേ ചെയ്തത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും എന്നാൽ കോടതി രൂപീകരിച്ച സമിതിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചത്. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം.
സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻറ് ഭുപീന്ദർ സിംഗ് മാൻ, മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണ് സമിതി അംഗങ്ങൾ.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 14, 2021, 4:38 PM IST
Post your Comments