ദില്ലി: കാർഷിക നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് കർഷക സംഘടന നേതാക്കളും കേന്ദ്രമന്ത്രിമാരും ചർച്ച നടത്തുന്നു.  കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലുമാണ്  കർഷക സംഘടന നേതാക്കളുമായി ചർച്ച നടത്തുന്നത്. അമിത്ഷായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര മന്ത്രിമാർ ചർച്ചയ്ക്കെത്തിയത്. ജനാധിപത്യത്തിൽ ചർച്ചയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂവെന്നും ചർച്ചയിൽ നിന്ന് പിൻമാറുന്ന നിലപാട് കർഷക സംഘടനകൾ കൈകൊള്ളരുതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. 

ഇന്നത്തെ ചർച്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന പ്രത്യാശ തോമർ ചർച്ചയ്ക്ക് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയങ്ങൾ പരിഹരിക്കപ്പെടും. ഒത്തുത്തീപ്പിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഒരു വശത്ത് ചർച്ചകൾ നടക്കുന്നതിനിടെ ഒത്തുതീർപ്പിന് കേന്ദ്ര സർക്കാർ പിൻവാതിൽ ശ്രമങ്ങൾ നടത്തിത്തുടങ്ങി. സമരം ഒത്തുത്തീർക്കാൻ സിഖ് മത നേതാവ് ബാബാ ലഖൻ സിംഗിന്റെ സഹായം കേന്ദ്ര സ‍ർക്കാർ തേടി. ബാബാ ലഖൻ സിങ്ങിനെ കണ്ട കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ സമരം അവസാനിപ്പിക്കാൻ സഹായം ആവശ്യപ്പെട്ടു. ക‌ർഷകസംഘടനകളുമായി സംസാരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ലഖൻ സിങ്ങിന്റെ മധ്യസ്ഥത ശ്രമത്തെ കുറിച്ച് അറിയില്ലെന്നാണ് കർഷകസംഘടനകളുടെ പ്രതികരണം. ഇന്നലെ നടന്ന ട്രാക്ടർ മാർച്ചിന് പിന്നാലെയാണ് സർക്കാർ മധ്യസ്ഥ ശ്രമം തുടങ്ങിയത്. 

അതിനിടെ കർഷകർക്ക് നേട്ടമുണ്ടാക്കുന്നതാണ് ബില്ലുകൾ എന്ന നിലപാട് ആവർത്തിച്ച കേന്ദ്ര സർക്കാർ കാർഷികരംഗത്ത് കൂടുതൽ പരിഷ്ക്കരണ നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കീടനാശിനി നിയന്ത്രണ നിയമം പാസാക്കുമെന്നും കൂടുതൽ പരിഷ്ക്കാരങ്ങൾ കാർഷിക രംഗത്ത് നടപ്പാക്കുകയാണ് സ‍ർക്കാർ നയമെന്നും കേന്ദ്രകൃഷി സഹമന്ത്രി കൈലാഷ് ചൗധരിയാണ് വ്യക്തമാക്കിയത്. നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണനയിൽ ഇല്ലെന്നത് വ്യക്തമാക്കുന്നതാണ് കൃഷിസഹമന്ത്രിയുടെ പ്രസ്താവന.

അതെസമയം ചർച്ചയിൽ താങ്ങുവിലക്ക് നിയമപരമായ പരിരക്ഷയും നിയമങ്ങൾ നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് കൈക്കൊള്ളാമെന്ന നിലപാടും സർക്കാർ മുന്നോട്ട് വെയ്ക്കും. ഇന്നും  തീരുമാനമായില്ലെങ്കിൽ ഇനി ചർച്ച വേണ്ടെന്ന് നിലപാടിലാണ് ക‌ർഷക സംഘടനകൾ.