സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാർ.

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷക നേതാക്കൾ. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ സംസ്ഥാന-ദേശീയ പാതകൾ തടയും. സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാർ അറിയിച്ചു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ചേരും. 

സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരില്‍ യുപി പൊലീസ് കുടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി. ദില്ലി മീററ്റ് അതിവേഗ പാതയില്‍ ട്രാക്റ്ററുകള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ മുളളുകമ്പികള്‍ പാകി. കാര്‍ഷിക മേഖലയ്ക്കായുളള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച തളളി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. മറ്റ് നടപടികൾ മാറ്റി വച്ച് വിവാദ കാർഷിക നിയമങ്ങളും , കർഷക പ്രക്ഷോഭവും ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഗുലാം നബി ആസാദ്, ബിനോയ് വിശ്വം, ദീപേന്ദർ ഹൂഡ തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ചർച്ചക്കെടുക്കാമെന്നാണ് സർക്കാർ നിലപാട്. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം ഘട്ടം.