ദില്ലി: ദില്ലി ചലോ മാര്‍ച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിൽ കര്‍ഷകര്‍ എത്തുമെന്ന് കര്‍ഷക കോഡിനേഷൻ സമിതി അംഗം യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരുമാനം വൈകിപ്പിച്ചാൽ സമരം ദുര്‍ബലപ്പെടുമെന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ ധാരണയാണെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളിൽ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

കര്‍ഷക സംഘടനകളുമായി ഇന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. ചര്‍ച്ചയിൽ പങ്കെടുക്കുമെങ്കിലും നിയമം പിൻവലിക്കുന്നതൊഴിച്ച് സര്‍ക്കാരിന്റെ യാതൊരു ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവും അംഗീകരിക്കേണ്ടതില്ലെന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദ്ദേശങ്ങൾ സംഘടനകൾ തള്ളിയിരുന്നു.

വരുന്ന ഡിസംബർ 14ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ബി ജെ പി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും തീരുമാനമുണ്ട്. ദില്ലി - ജയ്‌പൂർ ദേശീയ പാത 12-ാം തിയതി ഉപരോധിക്കാനും ദേശീയപാതകളിലെ ടോൾ പിരിവ് തടയാനും തീരുമാനിച്ചു. അങ്ങനെ സമരം കൂടുതൽ കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ.