ദില്ലി: കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരരംഗത്തുള്ള പഞ്ചാബിലെ കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ കർഷക സംഘടനകൾ കൃഷിഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

ഇത് രണ്ടാംതവണയാണ് കര്‍ഷക സംഘടനകളെ കേന്ദ്രം ചര്‍ച്ചക്ക് വിളിക്കുന്നത്. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ പഞ്ചാബിലും ഹരിയാനയിലും ഇതുവരെ തണുത്തിട്ടില്ല. കര്‍ഷക സംഘനകളും വ്യക്തികളും സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയിട്ടുണ്ട്. ഹര്‍ജികളിൽ നാലാഴ്ചക്കുള്ളിൽ കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. അതിനിടെയാണ് അനുനയ നീക്കവുമായി കര്‍ഷക സംഘടനകളെ കേന്ദ്രം ചര്‍ച്ചക്ക് വിളിച്ചത്. കാര്‍ഷിക നിയമം കര്‍ഷകര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണയുണ്ടായി എന്നാണ് കര്‍ഷക സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറി എഴുതിയ കത്തിൽ പറഞ്ഞത്. അതേസമയം, കാര്‍ഷിക നിയമത്തെ കുറിച്ച് വ്യക്തമായി അറിയാമെന്നും അത് എന്തിന് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നതിൽ ധാരണയുണ്ടെന്നും ഓൾ ഇന്ത്യ കിസാൻ സംഘര്‍ഷ് കോര്‍ഡിനേഷൻ കമ്മിറ്റി സെക്രട്ടറി അവിക് സാഹാ പ്രതികരിച്ചിരുന്നു.