Asianet News MalayalamAsianet News Malayalam

കാർഷിക നിയമങ്ങളിലെ ഭേദഗതി: കേന്ദ്രത്തിന് എതിരെ സ്വരം കടുപ്പിച്ച് കർഷകസംഘടനകൾ

നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ധാർഷ്ട്യം വ്യക്തമാക്കുന്നതെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. 

Farmers organizations raise protest  against central government
Author
Delhi, First Published Jun 20, 2021, 1:07 PM IST

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കർഷകസംഘടനകൾ. നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ധാർഷ്ട്യം വ്യക്തമാക്കുന്നതെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാൻ മോർച്ച അറിയിച്ചു. 

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം തുടരുമ്പോളും നിയമങ്ങൾ സംബന്ധിച്ച് ചർച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ, നിയമങ്ങളിൽ ഭേദഗതി വരുത്താൻ ചർച്ചയാകാമെന്ന് അറിയിച്ചു. കൃഷിമന്ത്രിയുടെ പ്രസ്താവന വിശദമായി ചർച്ച ചെയ്ത സംയുക്ത കിസാൻ മോർച്ച കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. നിയമങ്ങൾ പൂ‍ർണ്ണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിയമത്തിൽ ഭേദഗതി വരുത്താനല്ല സമരം. അതിനാൽ ഇത്തരം പ്രസ്താവനകൾ കൊണ്ട് കർഷകരോഷം തണുപ്പിക്കാനാകുമെന്ന് കേന്ദ്രം കരുതേണ്ടെന്നെന്നും പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കിസാൻ മോർച്ച അറിയിച്ചു. 

ഇതിനിടെ, തിക്രിയിൽ കർഷക സമരസ്ഥലത്ത് ഹരിയാന സ്വദേശി മുകേഷ് കുമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ നാല് പേരാണ് മുകേഷിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിച്ച മുകേഷിനും മറ്റ് നാല് പേർക്കുമിടയിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവുമായി സമരക്കാർക്ക് ബന്ധമില്ലെന്നും കൃത്യമായ അന്വേഷണം വേണെന്നും സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു. 
 

Follow Us:
Download App:
  • android
  • ios