ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് കർഷക സംഘടനകൾ. ബദൽ നിർദ്ദേശം നല്‍കണമെന്ന സർക്കാരിൻ്റെ ആവശ്യം കർഷക സംഘടനകൾ തള്ളി. നിയമം പിൻവലിക്കാതെ ഒത്തുതീർപ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകൾ സർക്കാരിന് കത്ത് നല്‍കി. കർഷക സമരം 37 ആം ദിവസവും തുടരുകയാണ്. 

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായം ആയില്ല. അതേസമയം കർഷക സംഘടനകൾ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് ബിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി 4 ന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.

അതേസമയം, ദില്ലി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ വേറിട്ട രീതിയിലാണ് പുതുവർഷം ആഘോഷിച്ചത്. സമരത്തിനിടെ മരിച്ച കർഷകരുടെ സ്മരണക്ക് മുന്നിൽ ദീപാഞ്ജലി അർപ്പിച്ചാണ് കർഷകർ പുതുവർഷം ആഘോഷിച്ചത്. പുതുവർഷത്തിൽ കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ പറയുന്നു.