ദില്ലി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച്  കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്ക് നോട്ടീസ് അയച്ചു. എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്നും കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാമെന്നുമുള്ള നിലപാടിലാണ് കർഷക സംഘടനകൾ.

സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ കടുപ്പിക്കുകയാണ്. രാജ്യത്ത് ഉടനീളം കർഷകർ നടത്തുന്ന റിലേ നിരാഹാര സമരം ആരംഭിച്ചു. രാജസ്ഥാൻ അതിർത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ മാർച്ച് ഇന്ന് നാസിക്കിൽ നിന്നും തുടങ്ങും. മാർച്ച് 24ന് രാജസ്ഥാൻ അതിർത്തിയായ ഷജഹാൻപൂരിലെത്തും. ഏകതാ പരിഷത്തിന്റെ കർഷക മാർച്ചും ദില്ലിയിൽ എത്തി.ഞാറാഴ്ച്ച മൻ കീ ബാത് നടക്കുന്പോൾ കൈയ്യടിച്ചും പ്രാത്രം കൊട്ടിയും കർഷകർ പ്രതിഷേധം അറിയിക്കും.

ഇതിനിടെ കാ‌ർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് കർഷകർ. എൻഡിഎ ഘടകക്ഷികളെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനോടകം ജെജെപി , ആർ‍എൽപി അടക്കമുള്ളഎൻഡിൻ ഘടകകക്ഷികൾ കർഷക പ്രക്ഷോഭത്തെ തുടർന്ന് സമ്മർദ്ദത്തിലാണ്.  കർഷകകരുമായുള്ള ചർച്ച പുനരാംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു