Asianet News MalayalamAsianet News Malayalam

സമവായമാകാതെ അഞ്ചാം വട്ട ചർച്ചയും; നിയമം പിൻവലിച്ചേ മതിയാവൂ എന്ന് കർഷകർ; ഭാരത് ബന്ദിന് മാറ്റമില്ല

അഞ്ചര മണിക്കൂർ നീണ്ട ചർച്ച പലകുറി നാടകീയ സംഭവങ്ങൾക്കും വേദിയായി. ചര്‍ച്ച തീരുമാനമാകാതെ നീണ്ടതോടെ  കര്‍ഷക നേതാക്കള്‍ മന്ത്രിമാര്‍ക്കു മുന്നില്‍ 'യെസ് ഓര്‍ നോ, നോ ചര്‍ച്ച' എന്നെഴുതിയെ കടലാസ് ഉയര്‍ത്തിക്കാട്ടി മൗനം പാലിച്ചു. 

farmers protest compromise talk latest updation
Author
Delhi, First Published Dec 5, 2020, 10:26 PM IST


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് കർഷകസംഘടനകളുമായി കേന്ദ്രസർക്കാർ ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഈ മാസം ഒമ്പതിന് വീണ്ടും ചർച്ച നടത്തും. ഭാരത് ബന്ദിന് മാറ്റമില്ലെന്ന് കർഷകസംഘടനകൾ അറിയിച്ചു.

അഞ്ചാം വട്ട ചർച്ചയാണ് ഇന്ന് സമവായമാകാതെ പിരിഞ്ഞത്. നിയമങ്ങൾ പിൻവലിക്കാതെ യതൊരു ഒത്തുതീർപ്പിനുമില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചു.  നിയമം പിൻവലിക്കാനാകില്ലെന്നും ചില ഭേദഗതികൾ വരുത്താൻ തയ്യാറാണെന്നും സർക്കാർ നിലപാടെടുത്തു. എന്നാൽ ഭേദതഗതികൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും സമരം അവസാനിപ്പിക്കില്ലെന്നും ക‍ർഷകർ അറിയിച്ചു.  അഞ്ചര മണിക്കൂർ നീണ്ട ചർച്ച പലകുറി നാടകീയ സംഭവങ്ങൾക്കും വേദിയായി. ചര്‍ച്ച തീരുമാനമാകാതെ നീണ്ടതോടെ  കര്‍ഷക നേതാക്കള്‍ മന്ത്രിമാര്‍ക്കു മുന്നില്‍ 'യെസ് ഓര്‍ നോ, നോ ചര്‍ച്ച' എന്നെഴുതിയെ കടലാസ് ഉയര്‍ത്തിക്കാട്ടി മൗനം പാലിച്ചു. 

കൃത്യമായ തീരുമാനവും നിലപാടും വ്യക്തമാക്കിയില്ലെങ്കിൽ  ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന്  കര്‍ഷക നേതാക്കൾ  മുന്നറിയിപ്പു നല്‍കി. നിയമം പിൻവലിക്കുന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്ന് കേന്ദ്രസ‍ർക്കാർ അറിയിച്ചു . ഇതോടെയാണ് ബുധനാഴ്ച്ച വീണ്ടും ചർച്ച നടത്താമെന്ന് തീരുമാനത്തിലെത്തിയത്. കേന്ദ്രസർക്കാരിന്റെ രേഖമൂലമുള്ള തീരുമാനങ്ങളും അന്ന് കർഷകർക്ക് നൽകും. 

ഒമ്പതിന് വീണ്ടും ചർച്ച ചെയ്യാമെന്നാണ് സർക്കാർ അറിയിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു.

ചർച്ച പരാജയപ്പെട്ടതോടെ ദേശീയ പാത ഉപരോധമടക്കം പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ക‍ർഷക സംഘടനകളുടെ തീരുമാനം. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്രകൃഷി മന്ത്രി സ‍ർക്കാർ ക‍ർഷകരുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാണെന്ന് നിലപാട് ആവർത്തിച്ചു. തണുപ്പ് കാലം കണക്കിലെടുത്ത് ക‌ർഷകർ തിരികെ പോകണമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്നോടിയായി രാവിലെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍  ഉന്നതതല യോഗം ചേർന്നിരുന്നു. 
 

Follow Us:
Download App:
  • android
  • ios