Asianet News MalayalamAsianet News Malayalam

പ്രക്ഷോഭം പതിനാറാം നാള്‍, നിയമം പിൻവലിച്ചില്ലെങ്കില്‍ കർഷകര്‍ ട്രെയിൻ തടയും, ബിജെപി ഓഫീസുകളിലേക്കും മാര്‍ച്ച്

ഇത്രയധികം ദിവസം സമയം നൽകിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്

farmers protest continues, their stance will block trains if demands are not considered
Author
New Delhi, First Published Dec 11, 2020, 12:17 AM IST

ദില്ലി: കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇന്നുമുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ. നാളെ  ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.  
സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് നീക്കങ്ങളെല്ലാം വഴിമുട്ടുകയാണ്.

ഇത്രയധികം ദിവസം സമയം നൽകിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്. തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കുന്നു. നിലവിൽ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില തീവണ്ടികൾ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. 

വ്യാപാരികൾക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചുകഴിഞ്ഞെന്നും കർഷകസമരനേതാക്കൾ പറയുന്നു. കർഷകരെ സഹായിക്കുന്ന ചട്ടങ്ങൾ നിയമത്തിൽ നിന്ന് എടുത്തുമാറ്റിയ കേന്ദ്രസർക്കാർ കൃഷി സംസ്ഥാനസർക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ്. അങ്ങനെയെങ്കിൽ രാജ്യവ്യാപകമായി നിലനിൽക്കുന്ന ഒരു കൃഷിനിയമം കേന്ദ്രസർക്കാരിന് നിർമിക്കാനാകില്ലല്ലോ എന്നും കർഷകർ ചോദിക്കുന്നു. 

കർഷകരുമായി ഇനി കേന്ദ്രസർക്കാർ ചർച്ച നടത്തുന്ന തീയതിയടക്കം അനിശ്ചിതത്വത്തിലാണ്. തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അടക്കം പറയുന്നുണ്ടെങ്കിലും നിയമം പിൻവലിക്കുകയെന്ന ആശയം കേന്ദ്രം തള്ളുന്നു. കർഷകരുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ കഴിയുമെന്ന് വാക്കാൽ ഉറപ്പുനൽകുന്നതല്ലാതെ, മറ്റൊരു ഉറപ്പും കേന്ദ്രസർക്കാരിന് നൽകാൻ കഴിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios