Asianet News MalayalamAsianet News Malayalam

Farmers Protest : കർഷകസമരം അവസാനിക്കുന്നു; വിജയിച്ച് മടക്കം

സംയുക്ത കിസാൻ  മോർച്ച യോഗമാണ് തീരുമാനം എടുത്തത്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അം​ഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

farmers protest decision was taken to end the delhi border blockade strike
Author
Delhi, First Published Dec 9, 2021, 2:46 PM IST

ദില്ലി: കർഷകർ നടത്തി വന്ന ദില്ലി അതിർത്തി ഉപരോധം (Farmers Protest)  അവസാനിപ്പിക്കാൻ തീരുമാനമായി. സംയുക്ത കിസാൻ  മോർച്ച (Samyuktha Kisan Morcha) യോഗമാണ് തീരുമാനം എടുത്തത്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അം​ഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മരിച്ച കർഷകരുടെ സ്മരണക്ക് നാളെ  ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയദിവസം ആഘോഷിക്കും. ഇതിനു ശേഷം കർഷകർ അതിർത്തി വിടും. 

കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ

  • താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും.
  • ദില്ലി,ഹരിയാന, യുപി എന്നിവിടങ്ങളിലെ കേസുകൾ പിൻവലിക്കും
  • മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്‌ 5 ലക്ഷം വീതം നഷ്ടപരിഹാരം.
  • വൈദ്യുതി ഭേദഗതി ബില്ലിൽ എല്ലാവരുമായി സമഗ്ര ചർച്ച നടത്തും.
  • മലിനീകരണ നിയന്ത്രണ നിയമത്തിലെ കർഷകർക്കെതിരായ ക്രമിനൽ നടപടി നീക്കം ചെയ്യും. 


കർഷകർ തത്കാലം വിട്ടുവീഴ്ച്ച ചെയ്ത വിഷയങ്ങൾ

  • താങ്ങുവില നിയമപരമാക്കുക
  • ലഖീംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി

സമീപകാല സമരങ്ങള്‍ പലതും പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും  സമ്മർദ്ദങ്ങളില്‍ വീഴാതെ വെല്ലുവിളികളെ അതിജീവിച്ചതാണ് കർഷകസമരത്തിന്‍റെ വിജയം. കർഷകസംഘടനകള്‍ തമ്മില്‍ അവസാനം വരെ  ഉണ്ടായിരുന്ന അഭിപ്രായ ഐക്യവും സന്നദ്ധ സംഘടനകളുടെ സഹായവും സമരത്തില്‍ നിര്‍ണായകമായി.

ഒരു സമരം പരാജയപ്പെടാനുള്ള കാരണങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാൻ കർഷക സംഘടനകള്‍ക്ക് ആദ്യം മുതല്‍ തന്നെ കഴിഞ്ഞിരുന്നു. അടുത്തൊന്നും അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ സമരമെന്ന തിരിച്ചറിവില്‍ സമരവേദികളെ അവര്‍ ചെറുഗ്രാമങ്ങളാക്കി മാറ്റി. ഭക്ഷണം, താമസം, ശുചിമുറികള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ ഒരുക്കി എത്ര നാള്‍ വേണമെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന തലത്തിലേക്ക് ആസൂത്രണം ചെയ്തു. സമരത്തെ ഏതെങ്കിലും തരത്തില്‍ ബ്രാന്‍റ് ചെയ്യാനുള്ല  ശ്രമങ്ങളെയും വിജയകരായി കർഷകര്‍ അതിജീവിച്ചു. സമരത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍, വിദേശഫണ്ടിങ്, സമരത്തിനുള്ള ടൂള്‍കിറ്റ്, ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലെ ജലവിതരണ തർക്കം അങ്ങനെ ഉയര്‍ന്ന വന്ന് വെല്ലുവിളികളില്‍ ഒന്നില്‍ പോലും കര്‍ഷകർ വീണില്ല.  

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷത്തോടെ  വഴിതെറ്റുമായിരുന്ന സമരത്തിലും അടിപതറാതെ മുന്നോട്ട് പോയതാണ് പിന്നീട് സർക്കാരിനെ പുനർവിചിന്തിനത്തിലേക്ക്  പോലും നയിച്ചത് . പിന്തുണ നല്‍കാനെത്തിയ രാഷട്രീയ പാർട്ടികളെ സഹർഷം സ്വാഗതം ചെയ്തെങ്കിലും ഒരു ഘട്ടത്തില്‍ പോലും സമരത്തില്‍  ഇടപെടാന്‍ കർഷകർ  അനുവദിച്ചില്ല . പ്രതിപക്ഷമാണ് സമരത്തിന് പിന്നിലെന്ന ബിജെപിയുടെ ആരോപണം ഏശാതിരുന്നത് തന്നെ ഇതുകൊണ്ടാണ്.  സമരത്തിലെ സാമ്പത്തിക സഹായം നല്‍കിയിരുന്ന സംഘടനകള്‍ക്ക് നേരെ ഇഡി നടപടി ഉണ്ടായെങ്കിലും കാര്യമായ പ്രതിസന്ധിയിലേക്ക് നയിച്ചില്ല.  പഞ്ചാബിലേയും ഹരിയാനയിലേയും കർഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പിന്നീട് രാജ്യമാകെയുള്ള മുന്നേറ്റമാക്കി മാറ്റാന്‍ കർഷക സംഘടനകള്‍ക്ക് കഴിഞ്ഞു. ജാതിക്കും മതത്തിനും അതീതമായി കർഷരെന്ന സ്വത്വം ഉയർത്തിപ്പിടിച്ചുള്ള സമരം ആഗോള തലത്തില്‍ തന്നെയുള്ള കര്‍ഷകസമരങ്ങളിലെ മികച്ച മാതൃകകളില്‍ ഒന്നായി കൂടി മാറുകയാണ്.

Follow Us:
Download App:
  • android
  • ios