Asianet News MalayalamAsianet News Malayalam

കർഷകസമരം, പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കും? വിട്ടുവീഴ്ചയില്ലാതെ കർഷകർ

കൃത്യമായി പദ്ധതികളെന്തെന്ന് പറയാതെ ഇനി സർക്കാരുമായി ചർച്ചയ്ക്ക് ഇല്ലെന്ന് കർഷകസംഘടനകൾ ശനിയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഒരു പദ്ധതിരൂപരേഖയുമായി ഡിസംബർ 9-ന് ചർച്ച തുടരാമെന്ന് കേന്ദ്രസർക്കാർ.

farmers protest delhi chalo farmer organisations harden stance government considering to convene special parliament session
Author
New Delhi, First Published Dec 6, 2020, 7:00 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: വിവാദമായ കർഷകനിയമഭേദഗതികൾ മൂന്നും പിൻവലിക്കാതെ ഒരു തരത്തിലും സമവായത്തിന് തയ്യാറല്ലെന്ന കടുത്ത നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുന്നതോടെ പ്രതിസന്ധിയിലായി കേന്ദ്രസർക്കാർ. പ്രശ്നപരിഹാരത്തിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർക്കുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഡിസംബർ 9-ന് നടക്കുന്ന ആറാംഘട്ട ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിൽ വിളിച്ച അടിയന്തരയോഗത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയും പങ്കെടുത്തിരുന്നു. 

കോൺഗ്രസും മറ്റ് കർഷകസംഘടനകളും പ്രശ്നപരിഹാരത്തിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാസ്പീക്കർ ഓംബിർളയ്ക്ക് കത്ത് നൽകിയിരുന്നു. ശീതകാലസമ്മേളനവുമായി ബന്ധപ്പെട്ട് ഹ്രസ്വകാലസമ്മേളനം വിളിച്ചുചേർക്കണമെന്നായിരുന്നു ആവശ്യം. കർഷകസമരം രാജ്യത്തെത്തന്നെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ അവരുടെ ആശങ്കകൾ പരിഹരിക്കാനായി പ്രത്യേകസമ്മേളനം വിളിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അത്തരമൊരു തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിക്കുന്നുണ്ട്.

കർഷകനിയമഭേദഗതികൾ സംബന്ധിച്ച് ആശങ്കകളെന്തെന്ന് അക്കമിട്ട് നിരത്തുന്ന വിശദമായ ഒരു കത്തത് കർഷകർ കേന്ദ്രസർക്കാരിന് ശനിയാഴ്ചത്തെ ചർച്ചയ്ക്ക് മുമ്പേ കൈമാറിയിരുന്നു. എന്നാലിതിലൊന്നും വ്യക്തമായ മറുപടി കേന്ദ്രകൃഷിമന്ത്രിക്ക് നൽകാനായില്ലെന്ന് കർഷകസംഘടനകൾ തന്നെ വ്യക്തമാക്കുന്നു. കൃത്യമായി പദ്ധതികളെന്തെന്ന് പറയാതെ ഇനി സർക്കാരുമായി ചർച്ചയ്ക്ക് ഇല്ലെന്ന് കർഷകസംഘടനകൾ പ്രഖ്യാപിക്കുന്നു. ഒരു പദ്ധതിരൂപരേഖയുമായി ഡിസംബർ 9-ന് ചർച്ച തുടരാമെന്ന് കേന്ദ്രസർക്കാരും നിലപാടെടുക്കുന്നു.

ശനിയാഴ്ച അഞ്ച് മണിക്കൂർ നീണ്ട യോഗത്തിന് ശേഷം, വരാനിരിക്കുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വ്യക്തമാക്കിയത്. മിനിമം താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങൾ ഉറപ്പുനൽകുന്നുവെന്നും, ഇത് പിൻവലിക്കുന്ന പ്രശ്നമില്ലെന്നും കൃഷിമന്ത്രി പറഞ്ഞു.

ഭക്ഷ്യ, പൊതുവിതരണവകുപ്പ് മന്ത്രി പിയൂഷ് യോഗലും, വാണിജ്യസഹമന്ത്രി സോംപ്രകാശുമാണ് ചർച്ചയിൽ കേന്ദ്രകൃഷിമന്ത്രിക്കൊപ്പം പങ്കെടുത്തത്. 40 കർഷകസംഘടനകളുടെ പ്രതിനിധികളും യോഗത്തിനെത്തി. ഉച്ചയ്ക്ക് 2.30-ന് തുടങ്ങിയ യോഗം വൈകിട്ട് 7 മണി വരെ നീണ്ടുനിന്നു. 

പ്രധാന ആശങ്കകൾക്ക് പരിഹാരമാകുമോ?

എന്തൊക്കെയാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആശങ്കകളും ആവശ്യങ്ങളും?

  • മിനിമം താങ്ങുവില കർഷകനിയമത്തിന്‍റെ ഭാഗമാക്കണം
  • കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്ന എപിഎംസി മണ്ഡികളും (പൊതുസംഭരണകേന്ദ്രങ്ങൾ) സ്വകാര്യകമ്പനികൾ ഉത്പന്നങ്ങൾ സംഭരിക്കാൻ തുടങ്ങിയാൽ അവയും തമ്മിൽ ചൂഷണം ഒഴിവാക്കാനായി കൃത്യമായി വിപണിയെ എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ഉറപ്പ് വേണം
  • ട്രേഡർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കണം, ഇല്ലെങ്കിൽ ആർക്ക് വേണമെങ്കിലും സാധനങ്ങൾ വാങ്ങി പോകാമെന്ന സ്ഥിതിയാകും. വിപണിയിൽ ചൂഷണം തുടരും
  • തർക്കങ്ങൾ ഉടലെടുത്താൽ സിവിൽ കോടതികളിൽ ഇത് തീർക്കാൻ അനുവദിക്കണം

ഇവയെല്ലാം അടക്കമുള്ള, കർഷകരുടെ 39- ഇന ആവശ്യങ്ങൾക്ക് മേൽ ഇതുവരെ കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല. മിനിമം താങ്ങുവില ഉറപ്പുനൽകുകയെന്നതിനപ്പുറം, കർഷകരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇവയാണെന്നിരിക്കേ, ഇക്കാര്യങ്ങളിൽ ഒരു നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിൽ കർഷകർക്ക് കടുത്ത പ്രതിഷേധമുണ്ട്. അതാണ് ഇന്നലെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന ഭീഷണി വരെ കർഷകർ ഉയർത്താനുള്ള കാരണവും. 

കേന്ദ്രം പറയുന്നതെന്ത്?

എന്നാൽ നിയമഭേദഗതികൾ പിൻവലിക്കുകയെന്നത് ഇനി പ്രായോഗികമല്ലെന്നും, മിനിമം താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ എഴുതിത്തയ്യാറാക്കിയ ഒരു ഉറപ്പ് നൽകാമെന്നും മാത്രമാണ് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ മിനിമം താങ്ങുവില എന്നത് നിയമത്തിന്‍റെ ഭാഗമാക്കാൻ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്രനിലപാട്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള എപിഎംസി മണ്ഡികളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം വിലനിലവാരം പല തരത്തിലാണ്. അതിനാൽത്തന്നെ ഇക്കാര്യം വിവിധ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ തീരുമാനിക്കാനാവൂ എന്ന് കേന്ദ്രം. ഇത് കർഷകർ തള്ളിക്കളയുകയും ചെയ്തു.

ചായ കുടിക്കാനായി യോഗം പിരിഞ്ഞതിന് തൊട്ടുമുമ്പ്, നിയമം പിൻവലിക്കുമോ ഇല്ലയോ എന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്, 'യെസ്' 'നോ' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് കർഷകർ പുറത്തേക്കിറങ്ങിയത്. ഡിസംബർ 9-ന് നടക്കുന്ന ചർച്ചയിലെങ്കിലും സമവായം ഉരുത്തിരിയുമോ എന്നത് കണ്ടറിയേണ്ടതാണ്. 

Follow Us:
Download App:
  • android
  • ios