Asianet News MalayalamAsianet News Malayalam

വനിതാ ദിനത്തിൽ കർഷകപ്രക്ഷോഭം മഹിളാപ്രക്ഷോഭമാകും; നൂറ് ദിനമല്ല, നൂറ് മാസങ്ങൾ കഴിഞ്ഞാലും തുടരുമെന്ന് പ്രിയങ്ക

 പന്ത്രണ്ടാം തിയതി മുതൽ ബിജെപിക്കെതിരെയുള്ള പ്രചരണത്തിന്‍റെ ഭാഗമായി കർഷക നേതാക്കൾ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും

farmers protest in womens day, priyanka gandhi says protest will continue until victory
Author
New Delhi, First Published Mar 8, 2021, 12:10 AM IST

ദില്ലി: വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. സിംഗുവിൽ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് വനിതകളുടെ മാർച്ചും നടക്കും. പന്ത്രണ്ടാം തിയതി മുതൽ ബിജെപിക്കെതിരെയുള്ള പ്രചരണത്തിന്‍റെ ഭാഗമായി കർഷക നേതാക്കൾ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും.

അതേസമയം കർഷകപ്രക്ഷോഭത്തിൽ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. നൂറ് ദിവസമല്ല നൂറ് മാസങ്ങൾ പിന്നിട്ടാലും കാർഷികനിയമങ്ങൾ പിൻവലിക്കും വരെ കർഷകർക്കൊപ്പം പ്രക്ഷോഭം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കർഷകസമരം നൂറ് ദിവസം പിന്നിട്ടതിന് പിന്നാലെ നടത്തിയ മീററ്റിലെ മഹാപഞ്ചായത്തിലാണ് നിയമങ്ങൾ പിൻവലിക്കും വരെ കർഷകർക്കൊപ്പമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്. പശ്ചിമ യുപിയിൽ മാത്രം ഇതുവരെ കോൺഗ്രസിന്‍റെ നേത്യത്വത്തിൽ നടന്നത് 28 മഹാപഞ്ചായത്തുകളാണ്.

പ്രതിഷേധപരിപാടികൾ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിൻ തടയാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം. സമരഭൂമികൾ ഒക്ടോബർ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തിൽ നിന്ന് ഒരു ട്രാക്ടർ, പതിനഞ്ച് കർഷകർ, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. ഇത് സംബന്ധിച്ച് കർഷകർക്ക് മഹാപഞ്ചായത്തുകൾ വഴി നിർദ്ദേശം നൽകിയെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് അറിയിച്ചു.

Follow Us:
Download App:
  • android
  • ios