Asianet News MalayalamAsianet News Malayalam

വഴങ്ങാതെ ക‌ർഷകർ, ചർച്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രിയെ കണ്ട് അമിത് ഷാ

നിലവിലെ വിവാദ കർഷകനിയമഭേദഗതിയിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി 39- സൂചികകളുള്ള ഒരു വിശദമായ കത്ത് കർഷകസംഘടനകൾ സർക്കാരിന് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. തത്സമയം...

farmers protest live updates amit shah and rajnath singh meets pm
Author
New Delhi, First Published Dec 5, 2020, 11:29 AM IST

ദില്ലി: കർഷകസമരം ശക്തമായി മുന്നോട്ടുപോകുമ്പോൾ പ്രധാനമന്ത്രിയുടെ വസതിയിൽ അമിത് ഷായും രാജ്നാഥ് സിംഗുമെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. രാജ്യതലസ്ഥാനം വളഞ്ഞ് കർഷകരുടെ സമരം പത്താംദിവസം പിന്നിടുമ്പോൾ കർഷകരുമായുള്ള കേന്ദ്രസർക്കാരിന്‍റെ അഞ്ചാംവട്ട ചർച്ച ഇന്ന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാർ കാര്യമായി പരിഗണിക്കുന്നുവെന്നാണ് സൂചന. എന്നാൽ നിലവിലെ വിവാദനിയമഭേദഗതികളിൽ മാറ്റം കൊണ്ടുവരികയല്ല, നിയമങ്ങൾ പിൻവലിച്ച്, മിനിമം താങ്ങുവില ഉറപ്പാക്കുന്ന തരം നിയമം പുതുതായി കൊണ്ടുവരികയാണ് വേണ്ടതെന്നാണ് കർഷകരുടെ ആവശ്യം.

മിനിമം താങ്ങുവില ഉറപ്പുനൽകുന്ന തരത്തിൽ കർഷകനിയമഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനൽകാമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം. എന്നാൽ പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നൽകുന്നതിലുമടക്കമുള്ള വീഴ്ചകൾ കർഷകർ ഏറ്റവുമൊടുവിലത്തെ ചർച്ചയിലടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാ‍ർഗനിർദേശം അടക്കം കേന്ദ്രകൃഷിമന്ത്രിയോ കർഷകവിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നതുമില്ല. 

ദില്ലിയുടെ അതിർത്തിപ്രദേശങ്ങൾ കർഷകർ വളഞ്ഞു കഴിഞ്ഞു. സമരം തുടങ്ങിക്കഴിഞ്ഞ് മൂന്ന് തവണയാണ് കേന്ദ്രസർക്കാർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയത്. എന്നാൽ മൂന്നും സമവായമാകാതെ പിരിഞ്ഞു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ വഴികളുമടച്ചുള്ള സമരത്തിൽ കേന്ദ്രസർക്കാർ അക്ഷരാർത്ഥത്തിൽ കുരുക്കിലാണ്. രാജ്യം കണ്ട ഏറ്റവും വലിയ കർഷകസമരങ്ങളിലൊന്നാണിത്. 

ഡിസംബർ 8 ചൊവ്വാഴ്ച, സമരവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്തേക്കുള്ള റെയിൽ - റോഡ് ഗതാഗതം അന്ന് പൂർണമായി തടയുമെന്നും, രാജ്യത്തെ എല്ലാ ഹൈവേ ടോൾഗേറ്റുകളിലും സമരവുമായി ഇരിക്കുമെന്നും കർഷകസംഘടനാപ്രതിനിധികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ദില്ലി വിഗ്യാൻ ഭവനിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ സമരം തുടങ്ങാനിരിക്കുന്നത്. നിലവിലെ വിവാദ കർഷകനിയമഭേദഗതിയിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി 39- സൂചികകളുള്ള ഒരു വിശദമായ കത്ത് കർഷകസംഘടനകൾ സർക്കാരിന് നൽകിയിരുന്നു. സമരം തുടങ്ങുന്നതിന് മുമ്പ് രണ്ട് തവണ കർഷകസംഘടനകളുമായി നടത്തിയ ചർച്ചയിൽ നിയമം പിൻവലിക്കുകയെന്നത് പ്രായോഗികമല്ലെന്ന ഉറച്ച നിലപാടായിരുന്നു കേന്ദ്രസർക്കാരിന്‍റേത്.

അതേസമയം സമരം ചെയ്യുന്ന കർഷകരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഇന്നലെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്രയധികം ആളുകൾ കൂട്ടത്തോടെ ഒന്നിച്ചുനടത്തുന്ന സമരം അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 

Follow Us:
Download App:
  • android
  • ios