Asianet News MalayalamAsianet News Malayalam

കര്‍ഷകരുടെ ട്രെയിന്‍ ഉപരോധം തുടരുന്നു; 34 ട്രെയിനുകൾ റദ്ദാക്കി; 17 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുക, കർഷക വായ്പകൾ പൂർണ്ണമായി എഴുതി തള്ളുക എന്നീ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. 

farmers protest ongoing country trains cancelled and diverted
Author
Punjab, First Published Mar 6, 2019, 12:40 PM IST

ദില്ലി: കർഷക പ്രതിഷേധങ്ങൾ പലയിടങ്ങളിലും കരുത്താർജ്ജിക്കുന്നു. പഞ്ചാബിലെ അമൃത്സറിൽ കിസാൻ മസ്ദൂർ സംഘർഷ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കർഷകർ ട്രെയിനുകൾ ഉപരോധിക്കുന്നത്. ചൊവ്വാഴ്ച 34 ട്രെയിനുകൾ റദ്ദാക്കുകയും 17 ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. ജണ്ട്യാലയിൽ ദില്ലി-അമൃത്സർ പാതയിലോടുന്ന ട്രെയിനുകൾക്ക് മുന്നിലാണ് ഉപരോധം. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുക, കർഷക വായ്പകൾ പൂർണ്ണമായി എഴുതി തള്ളുക എന്നീ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. 

കർഷക ആത്മഹത്യകളെക്കുറിച്ചും ഇവർ പരാമർശിക്കുന്നുണ്ട്. തിങ്കളാഴ്ച കർഷക സമരം നിമിത്തം 22 ട്രെയിനുകൾ റദ്ദാക്കുകയും 24 എണ്ണം തിരിച്ചുവിടുകയും ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. മാർച്ച് ഒന്നിനാണ് കർഷകർ സമരം ആരംഭിച്ചത്. ''ഒന്നുകിൽ തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുക അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കുക എന്ന് സർക്കാരിനോട് ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ‍ഞങ്ങൾക്ക് അനുകൂലമായ മറുപടി ലഭിക്കാതിരുന്നത് കൊണ്ടാണ് ട്രെയിൻ തടയൽ സമരത്തിലേക്ക് എത്തിയത്.'' കർഷക സംഘടന അധ്യക്ഷൻ സത്നം സിം​ഗ് പന്നു വ്യക്തമാക്കി.

മീറ്റ‌ിം​ഗുകൾക്കോ മറ്റ് ചർച്ചകൾ‌ക്കോ തയ്യാറല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ട്രെയിനുകൾ നിർത്തി വയ്ക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാർ വളരെയധികം യാത്രാക്ലേശം അനുഭവിക്കുന്നതായി റിപ്പോർട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios