ദില്ലി: കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ഇന്ന് ഇരുപത്തിരണ്ടാം ദിവസം. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങൾ അംഗീകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്നലെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാനായി കര്‍ഷക സംഘടനകളെ കൂടി ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും.

അതേസമയം പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുമ്പോൾ ഇന്നലെ ഒരു കര്‍ഷകന് കൂടി ജീവൻ നഷ്ടമായിരുന്നു. ഇതുവരെ റോഡ് അപകടങ്ങളിലും തണുപ്പുമൂലവും ദില്ലി ചലോ മാര്‍ച്ചിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം മുപ്പതായി. മരിച്ച കര്‍ഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വരുന്ന 20ന് ശ്രദ്ധാജലി ദിനം ആചരിക്കുമെന്ന് കര്‍ഷക സംഘടനകൾ അറിയിച്ചു.

അതിനിടെ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നൽകാൻ കേന്ദ്ര മന്ത്രിസഭ 3500 കോടി രൂപ അനുവദിച്ചു. 60 ലക്ഷം ടണ്‍ വരെയുള്ള കരിമ്പ് കയറ്റുമതിക്ക് ടണ്ണിന് 6000 രൂപ വീതം സബ്സിഡിയും നൽകും. കുടിശ്ശിക തുകയും സബ്സിഡിയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.