Asianet News MalayalamAsianet News Malayalam

'ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല'; കൃഷിഭൂമി പിടിച്ചടുത്തതിനെ തുടർന്ന് കർഷകരുടെ ആത്മഹത്യാ ശ്രമം

'ഞങ്ങളുടെ കാർഷിക വിളകൾ നശിപ്പിച്ച സാഹചര്യത്തിൽ   ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും മുന്നിലില്ല. മൂന്ന് ലക്ഷം രൂപ കടമുണ്ടെന്നും സർക്കാർ അത് വീട്ടുമോ' എന്നും ഇവർ ചോദിക്കുന്നു. 

farmers try to suicide for land seized
Author
Bhopal, First Published Jul 16, 2020, 10:22 AM IST

ഭോപ്പാൽ: കൃഷി ഭൂമി പിടിച്ചെടുത്ത് വിളകൾ നശിപ്പിച്ചതിൽ മനം നൊന്ത് ദളിത് വിഭാ​ഗത്തിൽ ഉൾപ്പെട്ട കർഷക ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ ​ഗുണ ജില്ലയിലാണ് സംഭവം. രാംകുമാർ അഹിർവാർ, ഭാര്യ സാവിത്രി ദേവി എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇവരെ ക്രൂരമായി ഉപദ്രവിക്കുന്നതും കാണാം. എന്‍ഡിടിവി പുറത്തു വിട്ട വാര്‍ത്തയിലാണ് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സർക്കാരിന്റെ വിശദീകരണമനുസരിച്ച് 2018 ൽ കോളേജ് നിർമ്മിക്കുന്നതിനായി മാറ്റി വച്ച അഞ്ചേക്കർ ഭൂമിയാണിത്. രാംകുമാറും സാവിത്രി ദേവിയും ചേർന്ന് ഈ ഭൂമി കയ്യേറിയെന്നാണ് അധികൃതരുടെ ആരോപണം. ഇതാരുടെ ഭൂമിയാണെന്ന് അറിയില്ലെന്നും എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളായി തങ്ങൾ ഇവിടെ കൃഷി ചെയ്യുകയാണെന്നും കർഷക ദമ്പതികൾ പറയുന്നു. 'ഞങ്ങളുടെ കാർഷിക വിളകൾ നശിപ്പിച്ച സാഹചര്യത്തിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും മുന്നിലില്ല. മൂന്ന് ലക്ഷം രൂപ കടമുണ്ടെന്നും സർക്കാർ അത് വീട്ടുമോ' എന്നും ഇവർ ചോദിക്കുന്നു. 

സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ ഉദ്യോ​ഗസ്ഥരാണ് കൃഷിഭൂമി ഇടിച്ചു നിരത്തി മതിൽ നിർമ്മിക്കാനെത്തിയത്. കൃഷിഭൂമി നശിപ്പിച്ചതിനെ തുടർന്നാണ് ഇവരുടെ ആത്മഹത്യാ ശ്രമം. പൊലീസുകാർ ഇവരെ ക്രൂരമായി ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാംകുമാറിനെ രക്ഷിക്കാനെന്ന പോലെ ചേർത്തുപിടിക്കുന്ന സാവിത്രി ദേവിയെ പൊലീസുകാരൻ ലാത്തികൊണ്ട് അടിക്കുന്നുണ്ട്. രാകുമാറിനും സാവിത്രി ദേവിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് അതേ സമയം ഇവരെ ഉപദ്രവിച്ച പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. 

വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമായി പരിശോധിച്ചുവെന്നും കീടനാശിനി കഴിച്ച് ദമ്പതികൾ ആത്മഹത്യ ശ്രമം നടത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും ​ഗുണ ജില്ലാ കളക്ടർ എസ് വിശ്വനാഥ് പറഞ്ഞു. പൊലീസ് ഇടപെട്ടില്ലായിരുന്നെങ്കിൽ ഇവർ മരിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കളക്ടറെയും പൊലീസ് സൂപ്രണ്ടിനെയും തൽസ്ഥാനത്ത് നീക്കാനാണ് ഉത്തരവ്. 

പൊലീസുകാർ ദമ്പതികളുടെ കുട്ടികളോട് പെരുമാറിയ രീതിയെയും അദ്ദേഹം നിശിതമായി വിമർശിച്ചു. മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ച കുട്ടികളെ തള്ളിമാറ്റുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. മുൻമുഖ്യമന്ത്രി കമൽനാഥ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. 'ദളിത് ദമ്പതികളെ പൊലീസ് ഉദ്യോ​ഗസ്ഥർ നിഷ്കരുണമായിട്ടാണ് മർദ്ദിക്കുന്നത്. എന്ത് തരം കാട്ടുനീതിയാണിത്? സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ അത് നിയമപരമായി പരിഹരിക്കണം. എന്നാൽ അവരെ ഉപദ്രവിച്ചത് ന്യായീകരിക്കാൻ കഴിയില്ല. ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.' കമൽ നാഥ് ട്വീറ്റ് ചെയ്തു. 
 

Follow Us:
Download App:
  • android
  • ios