Asianet News MalayalamAsianet News Malayalam

കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു

ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു

Farmers Unions National band on December 8
Author
Delhi, First Published Dec 4, 2020, 5:22 PM IST

ദില്ലി: കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദ് നടത്തും. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും ഡിസംബർ 8 ന് എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും തീരുമാനമുണ്ട്. ദില്ലിയിലേക്കുള്ള എല്ലാ റോഡുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്.

കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. മറ്റു സംസ്ഥാനങ്ങളിലെ കർഷകരോട് ആഗ്ര - ജയ്പൂർ ദേശീയപാത വഴി ദില്ലിയിലേക്ക് മാർച്ച് നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യതലസ്ഥാനത്ത് അതിശക്തമായ പ്രക്ഷോഭം നടത്തി കേന്ദ്രസർക്കാരിനെ വരുതിയിൽ നിർത്താനാണ് സമര നേതാക്കളുടെ ശ്രമം.

നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷകസംഘടനകൾ. മിനിമം താങ്ങുവില ഉറപ്പു നൽകുന്ന തരത്തിൽ കർഷക നിയമ ഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പു നൽകാമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം. എന്നാൽ പുതിയ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നൽകുന്നതിലുമടക്കം, എട്ട് വീഴ്ചകൾ കർഷകർ ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാ‍ർഗനിർദേശം കേന്ദ്ര കൃഷിമന്ത്രിയോ കർഷിക വിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നതുമില്ല. 

Follow Us:
Download App:
  • android
  • ios