കര്‍ഷക പ്രക്ഷോഭത്തിൽ എല്ലാ കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. 

ദില്ലി: കർഷകരുടെ നാളെത്തെ ദേശീയപാത ഉപരോധം നേരിടാൻ ദില്ലി പൊലീസ്. സിംഘുവിൽ സുരക്ഷ വീണ്ടും കൂട്ടി. അഞ്ചിടങ്ങളില്‍ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ചു. അർധസൈനികരെ അടക്കം കൂടുതൽ വിന്യസിച്ചിട്ടുണ്ട്. കർഷകർ നാളെ ദില്ലിയിലേക്ക് കടന്ന് പ്രധാന പാതകളിലെ ഗതാഗതം തടസപ്പെടുത്താതെയിരിക്കാനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. നാളെത്തെ രാജ്യവ്യാപക റോഡ് ഉപരോധം ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്ന് സിംഘുവിൽ ചേരും. ആറാം തിയതിയിലെ പ്രക്ഷോഭത്തിൽ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്തംഭിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ അറിയിപ്പ്. 

കര്‍ഷക പ്രക്ഷോഭത്തിൽ എല്ലാ കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കാര്‍ഷിക നിയമങ്ങൾക്കെതിരെ മഹാപഞ്ചായത്തുകളിൽ പ്രമേയം പാസാക്കും. ഹരിയാനയിലെ ജിന്ദിലടക്കം നടന്ന മഹാപഞ്ചായത്തുകൾക്ക് കര്‍ഷകരുടെ വലിയ പിന്തുണ കിട്ടിയിരുന്നു. ആ മാതൃകയിൽ രാജ്യവ്യാപകമായി എല്ലാ താലൂക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലും മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈമാസം പത്ത് വരെ ബിജെപി ജനപ്രതിനിധികൾക്കെതിരെ പ്രചാരണം നടത്തും.