Asianet News MalayalamAsianet News Malayalam

ഒരു മുറിയും ശുചിമുറിയും മാത്രം; ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോള്‍ ജയില്‍

കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയ സമയം മുതല്‍ വീട്ടുതടങ്കലില്‍ ആയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പറഞ്ഞയച്ചു. നിയമസഹായം ലഭ്യമാക്കാന്‍ എത്തുന്നവരെയല്ലാതെ മറ്റാരേയും കാണാന്‍ ഇനി ഫറൂഖ് അബ്ദുള്ളക്ക് അനുമതിയില്ല. 

Farooq Abdullah confined to one room
Author
Srinagar, First Published Sep 17, 2019, 11:38 AM IST

ശ്രീനഗര്‍: പൊതു സുരക്ഷാ നിയമപ്രകാരം  തടവിലായ ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോള്‍ ജയിലാണ്. ഒരു  മുറിയും ശുചിമുറിയും മാത്രമാണ് ഫറൂഖ് അബ്ദുള്ളക്ക് ഇനി ഉപയോഗിക്കാന്‍ സാധിക്കുക. വീട്ടിലെ മറ്റ് മുറികള്‍ അടച്ചു. കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയ സമയം മുതല്‍ വീട്ടുതടങ്കലില്‍ ആയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പറഞ്ഞയച്ചു.

നിയമസഹായം ലഭ്യമാക്കാന്‍ എത്തുന്നവരെയല്ലാതെ മറ്റാരേയും കാണാന്‍ ഇനി ഫറൂഖ് അബ്ദുള്ളക്ക് അനുമതിയില്ല. ഓഗസ്റ്റ് 5 മുതല്‍ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ വസതിയില്‍ വീട്ടുതടങ്കലിലായിരുന്നു ഫറൂഖ് അബ്ദുള്ള. പ്രത്യേക ഉത്തരവ് പ്രകാരമാണ് ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത്. ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും ഫറൂഖ് അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നിയമമില്ലാത്ത നിയമം എന്ന പ്രത്യേക നിയമം കശ്മീരില്‍ പ്രാവര്‍ത്തികമാക്കിയത് ഫറൂഖ് അബ്ദുള്ളയുടെ പിതാവായ ഷേയ്ക്ക് അബ്ദുള്ളയാണ്. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിട്ടുള്ളത്.  ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. 

സംസ്ഥാനത്തിന്‍റെ പൊതു സുരക്ഷക്ക് ഭീഷണിയാവുന്നവരെന്ന് കരുതുന്നവരെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ക്രമസമാധാന നിലയക്ക് ഭംഗമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം. 
 

Follow Us:
Download App:
  • android
  • ios