സുമിയിലെ സംഘര്‍ഷാവസ്ഥ കാരണം മകന്റെ തിരിച്ചുവരവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും വികാരാധീനനായ പിതാവ് പറഞ്ഞു.
ദില്ലി: യുദ്ധഭൂമിയായ യുക്രൈനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി. യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ മകനെ ഒഴിപ്പിച്ചതിനാണ് കശ്മീരില്‍ നിന്നുള്ള സഞ്ജയ് പണ്ഡിത സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞത്. തിരിച്ചുവന്നത് എന്റെ മകനല്ല, മോദിജിയുടെ മകനാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുമിയിലെ സംഘര്‍ഷാവസ്ഥ കാരണം മകന്റെ തിരിച്ചുവരവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും വികാരാധീനനായ പിതാവ് പറഞ്ഞു. 'സുമിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്റെ മകനെ ഒഴിപ്പിച്ചതിന് ഞാന്‍ സര്‍ക്കാറിനോട് എന്നും നന്ദിയുള്ളവനാണ്- അദ്ദേഹം പറഞ്ഞു.
ദില്ലി വിമാനത്താവളത്തിലാണ് വിദ്യാര്‍ഥികള്‍ വിമാനമിറങ്ങിയത്. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ എത്തിയിരുന്നു. മധുരം നല്‍കിയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. വൈകാരിക രംഗങ്ങള്‍ക്കും വിമാനത്താവളം സാക്ഷിയായി. 'ഭാരത് മാതാ കീ ജയ്', 'മോദി ഹേ തോ മുംകിന്‍ ഹേ' എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സംഘര്‍ഷഭരിതമായ നഗരമായ സുമിയില്‍ നിന്ന് ഒഴിപ്പിച്ച 674 പേരെയും കൊണ്ട് മൂന്ന് വിമാനങ്ങളാണ് വെള്ളിയാഴ്ച ദില്ലിയിലെത്തിയത്.
