കൊല്‍ക്കത്ത: മരിച്ചുപോയ മകന്‍റെ ബീജത്തിന്‍റെ അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കോടതി. മരിച്ചുപോയ മകന്‍റെ ശീതീകരിച്ച നിലയിലുള്ള ബീജത്തിന്‍റെ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പിതാവിന്‍റെ ഹര്‍ജി കോടതി തള്ളി. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് തീരുമാനം.  മരിച്ചുപോയത് ഹര്‍ജിക്കാരന്‍റെ ഏകമകന്‍ മാത്രമാണെങ്കിലും ബീജത്തിന് അവകാശി മകന്‍റെ ഭാര്യ മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സബ്യസാച്ചി ബട്ടാചാര്യയുടേതാണ് വിധി. ശീതീകരിച്ച നിലയിലുള്ള ബീജം ശേഖരിക്കാന്‍ അനുമതി തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. മകന്‍റെ ബീജത്തിന്‍ മേല്‍ പിതാവിന് മൌലിക അവകാശങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. താലസീമിയ  രോഗിയായിരുന്ന മകന്‍ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. ദില്ലിയിലെ ഒരു ആശുപത്രിയിലായിരുന്നു ഇത്. തനിക്കുള്ള അസുഖം നിമിത്തം ഭാവിയിലേക്ക് ഉപയോഗിക്കാനായി ആയിരുന്നു ഈ നടപടി. 

വിവാഹത്തിന് ശേഷമാണ് യുവാവ് മരിക്കുന്നത്. ഏകമകന്‍റെ വിയോഗത്തോടെ കുലം അറ്റുപോകുമെന്ന ഭീതിയില്‍ ആശുപത്രിയെ സമീപിച്ച് പിതാവ് മകന്‍റെ ബീജം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മരിച്ച യുവാവിന്‍റെ ഭാര്യയുടെ പക്കല്‍ നിന്നും എന്‍ഒസി ഇല്ലാതെ ഇതിന് അനുവദിക്കില്ലെന്നായിരുന്നു ആശുപത്രിയുടെ നിലപാട്. ഇതിനായി മരുമകളുടെ സമ്മതപത്രം ഹര്‍ജിക്കാരന്‍ തേടിയെങ്കിലും യുവതി നല്‍കിയില്ല. ഇതോടെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ ഇത്തരമൊരു ആവശ്യവുമായി സമീപിച്ചില്ലെന്നാണ് യുവതിയുടെ വക്കീല്‍ വിശദമാക്കുന്നത്. ഭര്‍ത്താവിന്‍റെ ബീജത്തിന്‍റെ അവകാശം ഭാര്യയ്ക്ക് ആണെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാരന്‍റെ അപേക്ഷയെ അനുഭാവത്തോടെ കാണണമെന്ന് യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.