ബിലാസ്പൂർ: മകൻ മരിച്ചതിനെ തുടർന്ന് മകന്റെ 22 കാരിയായ ഭാര്യയെ വിവാഹം ചെയ്ത് ഭർതൃപിതാവ്. കൃഷ്ണസിംഗ് രാജ്പുത് എന്നയാളാണ് മകന്‍റെ വിധവയായ ആരതി എന്ന യുവതിയെ വിവാഹം ചെയ്തത്. ഛത്തീസ്​ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിന്റെ സംരക്ഷണയിലായിരുന്നു യുവതി. രണ്ട് വർഷം മുമ്പാണ് കൃഷ്ണ സിം​ഗിന്റെ മകനായ ​ഗൗതം സിം​ഗ് മരിച്ചത്. ഇതിന് ശേഷം ആരതിയുടെ ഏകാന്ത ജീവിതത്തെയും ഭാവിയെയും ഓർത്ത് ഭർതൃപിതാവും സമുദായവും ആശങ്കാകുലരായിരുന്നു. അതിനെ തുടർന്നാണ് മരുമകളെ വിവാഹം ചെയ്യാൻ കൃഷ്ണ സിം​ഗ് തീരുമാനിച്ചത്.

2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്‍റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. 2018ലാണ് ​ഗൗതം സിം​​ഗിന്റെ മരണം.  വിധവയായ സ്ത്രീകളുടെ പുനർവിവാഹത്തെ അനുവദിക്കുന്ന സമുദായമാണ് ഇവരുടേത്. മരുമകളെ വളരെ നല്ല രീതിയിലാണ് കൃഷ്ണ സിം​ഗ് സംരക്ഷിച്ചിരുന്നത്. ഭർതൃപിതാവ് തന്നെ വളരെ നന്നായി പരിപാലിച്ചിരുന്നു എന്ന് ആരതിയും പറയുന്നു. രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങളുടെ  അനുമതിയോടെയായിരുന്നു വിവാ​ഹം. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.