ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച 24-കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ലക്ക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച 24-കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വിമൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അങ്കിത (24) ആണ് കൊല്ലപ്പെട്ടത്. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയുമായി നാല് മാസം മുൻപാണ് അങ്കിത വിവാഹിതയായത്. കുടുംബത്തിന്‍റെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഈ വിവാഹം. വിവാഹശേഷം ഭർത്താവ് അമിത് ജോലിസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അങ്കിത സ്വന്തം വീട്ടിൽ തന്നെയാണ് താമസം തുടർന്നിരുന്നത്. വിവാഹത്തെച്ചൊല്ലി വീട്ടിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തിങ്കളാഴ്ച രാത്രി തർക്കം രൂക്ഷമായതിനെ തുടർന്ന് വിമൽ ശർമ്മ മകളെ മർദ്ദിക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവസമയത്ത് വിമൽ ശർമ്മയുടെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരോട് വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട ഇയാൾ, മൃതദേഹത്തിന് സമീപം തന്നെ ഇരുന്നു. വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട അയൽവാസികൾ വാതിലിൽ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വീട്ടിലെ ലൈറ്റുകൾ അണച്ചതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ അങ്കിതയെ കണ്ടെത്തുകയായിരുന്നു. വായിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്ന പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

മകൾ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി വിമൽ ശർമ്മ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

YouTube video player