Asianet News MalayalamAsianet News Malayalam

83-കാരനായ ഫാ. സ്റ്റാൻ സ്വാമി ജയിലിൽ, എതിർപ്പുമായി റാഞ്ചി രൂപത, പ്രതിഷേധം ശക്തം

വൃദ്ധനായ ഒരാളെ അർദ്ധരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോകേണ്ട എന്ത് സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് റാഞ്ചി രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചോദിക്കുന്നു. ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവർത്തകനുമാണ് ഫാദർ സ്റ്റാൻ സ്വാമി. 

father stan swamy sent to jail protest by ranchi church
Author
Mumbai, First Published Oct 10, 2020, 7:29 AM IST

റാഞ്ചി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി റാഞ്ചി രൂപത. അറസ്റ്റ് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നു എന്നും രാത്രി അറസ്റ്റു ചെയ്ത നടപടി കടുത്ത അനീതിയാണെന്നും കത്തോലിക്കാ സഭ പ്രതികരിച്ചു.

വൃദ്ധനായ ഒരാളെ അർദ്ധരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോകേണ്ട എന്ത് സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് റാഞ്ചി രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചോദിക്കുന്നു. 

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് എൺപത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. ‌ഈ മാസം 23 വരെ അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

റാഞ്ചിയിൽ നിന്ന് അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുവന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി അദ്ദേഹത്തെ ഒക്ടോബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്തു. തലോജ സെൻട്രൽ ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. 

''എൻഐഎ പോലൊരു ഏജൻസിക്ക് യാതൊരു തരത്തിലും നേട്ടമുണ്ടാക്കുന്ന നീക്കമല്ല ഇത്. അറസ്റ്റ് പോലൊരു നീക്കത്തിലേക്ക് കടക്കുകയാണെങ്കിൽ അർദ്ധരാത്രി എന്തിനാണ് വൃദ്ധനായ സ്റ്റാൻ സ്വാമിയുടെ വീട്ടിൽ കടന്നുകയറിയതെന്ന കാര്യം ഇനിയും വ്യക്തമാകുന്നില്ല'', എന്നും റാഞ്ചി രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

''വൃദ്ധനായ ഒരാളെ കസ്റ്റഡിയിലെടുത്ത്, ജയിലിലടയ്ക്കുമ്പോൾ, ഇത് സ്റ്റാൻ സ്വാമിയുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധി അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലാകേണ്ടതായിരുന്നു. ഉദ്യോഗസ്ഥരോട്, രാത്രി സമയമാണെന്നും, തനിക്ക് അസുഖങ്ങളുണ്ടെന്നും, പകൽ ഓഫീസിലെത്തി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പല തവണ അപേക്ഷിച്ചതാണെന്ന സാഹചര്യം കൂടി കണക്കിലെടുത്താൽ, എൻഐഎയുടെ നീക്കം തീർത്തും അപലപനീയമാണ്'', എന്ന് രൂപത പറയുന്നു. 

2017 ഡിസംബർ 31-ന് എൽഗാർ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പുനെയിലെ ശനിവാർ വാഡയിൽ സംഘടപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുഭാവമുള്ളവർ സംഘടിപ്പിച്ചതാണെന്നും, ഇതിൽ മാവോയിസ്റ്റ് അനുകൂല നീക്കങ്ങൾ നടന്നെന്നുമാണ് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. 

ഈ പരിപാടിയാണ്, പിന്നീട് 2018 ജനുവരി 1-ന് നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിലേക്ക് വഴിവച്ചത് എന്നാണ് എഫ്ഐആർ പറയുന്നത്. 1818-ൽ മറാഠാ പേഷ്വമാർക്കെതിരെ ഭീമ കൊറേഗാവിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം ദളിത് വംശജർ സംഘടിച്ച് യുദ്ധം ചെയ്തിരുന്നു. ഇതിൽ ജയിച്ചത് ബ്രിട്ടീഷുകാർക്ക് പിന്നിൽ അണിനിരന്ന ദളിത് സൈന്യമാണ്. ഈ ജയം ആഘോഷിക്കാൻ ലക്ഷക്കണക്കിന് ദളിതരാണ് 2018 ജനുവരിയിൽ ഭീമ കൊറേഗാവിലെത്തിയത്. എന്നാൽ ഇതിനിടെ ഉണ്ടായ അക്രമത്തിൽ ഇരുപത്തിയെട്ടുകാരനായ രാഹുൽ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടു. വലിയ രീതിയിൽ സംഘർഷമുണ്ടായി. ഇതിന് പിന്നിൽ മാവോയിസ്റ്റ് ശക്തികളാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.    

ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവർത്തകനുമാണ് ഫാദർ സ്റ്റാൻ സ്വാമി. മുപ്പത് വർഷത്തിലധികമായി ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന അദ്ദേഹം, ആദിവാസിജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണസമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമാണ്.

Follow Us:
Download App:
  • android
  • ios