ദില്ലിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി. 'ഡ്രഗ് ക്വീൻപിൻ' പാർവതി അറസ്റ്റിൽ. വീട്ടിലെ പരിശോധനയിൽ 56 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു. പാർവതിയുടെ ബോഡിഗാർഡും അറസ്റ്റിൽ.

ദില്ലി: ദില്ലിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ വൻ നടപടി. 'ഡ്രഗ് ക്വീൻപിൻ' എന്നറിയപ്പെടുന്ന പാർവതി അറസ്റ്റിൽ. ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ അൻപത്തിയാറ് ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ കണ്ടെത്തി.

ദില്ലി പൊലീസിന്റെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡിന് സെപ്റ്റംബർ 23ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബവാനയിലെ ന്യൂ സനോത്ത് കോളനിയിലെ വാടകവീട്ടിൽ നടത്തിയ റെയ്ഡിലാണ് 42 വയസ്സുകാരിയായ പാർവതിയെയും 30 വയസ്സുകാരനായ വികാസ് കുമാർ എന്ന ഷാനുവിനെയും പിടികൂടിയത്. പാർവതിക്കെതിരെ നേരത്തേ എൻഡിപിഎസ് നിയമപ്രകാരവും എക്സൈസ് നിയമപ്രകാരവും 12 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പരിശോധനയിൽ 1.204 കിലോഗ്രാം ഹെറോയിൻ ഉൾപ്പെടെ ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. പാർവതിയുടെ വീട്ടിൽ നടത്തിയ തുടർപരിശോധനയിൽ 56.69 ലക്ഷം രൂപയും 355 ഗ്രാം സ്വർണവും 161 ഗ്രാം വെള്ളിയും നാല് വസ്തുക്കളുടെ രജിസ്ട്രേഷൻ രേഖകളും കണ്ടെത്തി. രണ്ട് കാറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതോടെ കേസിൽ പിടിച്ചെടുത്ത പണത്തിന്റെ ആകെ തുക 64.62 ലക്ഷം രൂപയായി.

മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് പാർവതി സ്വത്ത് സമ്പാദിച്ചതെന്നാണ് പൊലീസിന്റെ ആരോപണം. ദില്ലിയിൽനിന്ന് രാജസ്ഥാനിലേക്കു വ്യാപിച്ചുകിടക്കുന്നുവെന്ന് സംശയിക്കുന്ന മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ഉറവിടം, ഇടപാടുകാർ, മറ്റ് കണ്ണികൾ എന്നിവ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.