ഛത്തീസ്ഗഢിൽ, ഒരു മകളുടെ സ്കൂട്ടർ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ഒരച്ഛൻ ആറുമാസത്തോളം നാണയത്തുട്ടുകൾ സ്വരൂപിച്ചു. ധൻതേരസ് ദിനത്തിൽ ചാക്ക് നിറയെ നാണയങ്ങളുമായി ഷോറൂമിലെത്തിയ അദ്ദേഹം, ബാക്കി തുക ലോണെടുത്ത് മകൾക്ക് സ്വപ്ന വാഹനം സമ്മാനിച്ചു.
ജഷ്പുർ, ഛത്തീസ്ഗഡ്: ഒരു മകളുടെ സ്വപ്നം, അത് നിറവേറ്റാനുള്ള ഒരച്ഛന്‍റെ ദൃഢനിശ്ചയം, ഒപ്പം ഒരു ചാക്ക് നിറയെ നാണയത്തുട്ടുകൾ... ധൻതേരസ് ദിനത്തിൽ ഛത്തീസ്ഗഢിലെ ജഷ്പുർ ജില്ലയിലെ ഒരു ഹോണ്ട ആക്ടീവ ഷോ റൂം സാക്ഷ്യം വഹിച്ചത് ഹൃദയസ്പർശിയായ കുറച്ച് നിമിഷങ്ങൾക്കാണ്. ബജ്‌രംഗ് റാമിന്‍റെ മകൾ ചമ്പ ഭഗത്ത് ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള ഒരു സ്കൂട്ടറായിരുന്നു ആഗ്രഹിച്ചത്. സാധാരണക്കാരനായ ബജ്‌രംഗ് റാമിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും സ്നേഹത്തിന് മുന്നിൽ മലകളും വഴിമാറും.
നാണയത്തുട്ടുകൾ നൽകിയ പ്രതീക്ഷ
ദിവസവും കുറച്ച് നാണയങ്ങൾ ഒരു ടിൻ ബോക്സിൽ മാറ്റിവെച്ച് ബജ്‌രംഗ് റാം ആറു മാസത്തോളം തനിക്ക് കഴിയുന്നതെല്ലാം സ്വരൂപിച്ചു. അങ്ങനെ ശേഖരിച്ച നാണയത്തുട്ടുകൾ അദ്ദേഹം ഒരു ചാക്കിലാക്കി ഹോണ്ട ഷോറൂമിൽ എത്തിക്കുകയായിരുന്നു. ഷോറൂം ജീവനക്കാർ ആദ്യമൊന്ന് അമ്പരന്നു. ചാക്കിലെ നാണയങ്ങൾക്ക് പിന്നിലെ കഥ കേട്ടപ്പോൾ ആദ്യത്തെ ആശ്ചര്യം ആദരവായി മാറി. ഷോറൂം ഡയറക്ടർ ആനന്ദ് ഗുപ്തയെ ഈ സംഭവം അഗാധമായി സ്പർശിച്ചു. 'ഇത് പണത്തെക്കുറിച്ചല്ല. കഠിനാധ്വാനത്തോടുള്ള ആദരവാണ്. അദ്ദേഹത്തിന്‍റെ സമർപ്പണം ഞങ്ങൾക്ക് പ്രചോദനമാണ്. അങ്ങനെയുള്ള ഒരാളെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്' ഗുപ്ത പറഞ്ഞു.
ഗുപ്ത കുടുംബത്തെ സ്വാഗതം ചെയ്യുകയും ചായ നൽകുകയും ചെയ്ത ശേഷം, നാണയങ്ങൾ എണ്ണാൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. എണ്ണിക്കഴിയുമ്പോൾ കൗണ്ടറിൽ വീഴുന്ന ഓരോ നാണയവും ഒരച്ഛന്‍റെ പ്രതീക്ഷയുടെയും ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിവസങ്ങളെയാണ് പ്രതിനിധാനം ചെയ്തത്. നാണയങ്ങൾ എണ്ണിത്തീർന്നപ്പോൾ 40,000 രൂപ ഉണ്ടായിരുന്നു. ബാക്കി തുക ലോൺ എടുക്കാമെന്ന് ഭഗത് റാം അറിയിച്ചു. പേപ്പർ വർക്കുകൾ പൂർത്തിയാക്കിയ ശേഷം, മകളുടെ സ്വപ്നമായ പുതിയ ഹോണ്ട ആക്ടിവയുടെ താക്കോൽ അദ്ദേഹത്തിന് കൈമാറി.
ബജ്‌രംഗ് റാം സ്കൂട്ടർ സ്റ്റാർട്ട് ചെയ്തപ്പോൾ ചമ്പയുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു. അവൾക്കത് ഒരു സ്കൂട്ടർ മാത്രമായിരുന്നില്ല, അച്ഛന് തന്നോടുള്ള സ്നേഹവും കരുതലും കൂടിയായിരുന്നു. "ഇതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം" താക്കോൽ നിധി പോലെ കൈയ്യിൽ പിടിച്ച് അവൾ പറഞ്ഞു.
'സ്ക്രാച്ച് & വിൻ' സമ്മാനവും
ആ ദിവസം കൂടുതൽ അവിസ്മരണീയമാക്കി, ഷോറൂമിന്‍റെ 'സ്ക്രാച്ച് & വിൻ' ഓഫർ പ്രകാരം കുടുംബത്തിന് ഒരു മിക്സർ ഗ്രൈൻഡർ കൂടെ സമ്മാനമായി ലഭിച്ചു. ഈ മനോഹര യാത്രയ്ക്കുള്ള ചെറുതെങ്കിലും പ്രതീകാത്മകമായ പ്രതിഫലമായിരുന്നു അത്. കുടുംബം ഷോറൂം വിടുമ്പോൾ, അവിടെയുണ്ടായിരുന്നവരും ജീവനരെല്ലാം കയ്യടിയോടെയാണ് യാത്രയച്ചത്.


