Asianet News MalayalamAsianet News Malayalam

പഞ്ചാബില്‍ അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച മന്ത്രിക്ക് പകരം  അതിക്രമകേസിൽ ശിക്ഷിക്കപ്പെട്ടയാള്‍ 

അതിക്രമ കേസിൽ ബൽബിർ സിംഗിനെ കോടതി 8 മാസം മുൻപ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Fauja Singh Sarari resigns in punjab as minister  Balbir Singh sworn in
Author
First Published Jan 7, 2023, 10:37 PM IST

ചണ്ഡിഗഡ്: അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച പഞ്ചാബ് മന്ത്രി ഫൗജ സിംഗ് സരാരിക്ക് പകരം അതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ഡോക്ടർ ബൽബിർ സിംഗിനെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മന്ത്രിസഭയിലുൾപ്പെടുത്തി. വൈകീട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. 

ആരോഗ്യം കുടുംബക്ഷേമം എന്നീ വകുപ്പുകളാണ് ബൽബിർ സിംഗിന് ലഭിച്ചിട്ടുള്ളത്. അതിക്രമ കേസിൽ ബൽബിർ സിംഗിനെ കോടതി 8 മാസം മുൻപ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഭാര്യാ സഹോദരിയുടെ പരാതിയിലായിരുന്നു നടപടി. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. ചില കോൺട്രാക്ട‌ർമാരെ കുടുക്കാനും പണം തട്ടാനും സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ഫൗജ സിംഗ് സരാരി ചിലരുമായി ചർച്ച നടത്തുന്നതിന്റെ ശബ്ദരേഖ മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. 

തുടർന്നാണ് ഫൗജ സിംഗ് സരാരി ഇന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഇതോടെ അഴിമതിയാരോപണത്തെ തുടർന്ന് ഭഗവന്ത് മാൻ സർക്കാറിൽ രാജിവച്ച മന്ത്രിമാരുടെ എണ്ണം രണ്ടായി. നേരത്തെ അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. ആരോഗ്യവകുപ്പിലെ ചില ടെണ്ടറുകൾക്കായി കമ്മീഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയെ പുറത്താക്കിയത്. 

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി, പിന്നാലെ അറസ്റ്റ്

വകുപ്പിലെ ടെണ്ടറുകൾക്കും പർച്ചേസുകൾക്കും ഒരു ശതമാനം കമ്മീഷനാണ് മന്ത്രി ആവശ്യപ്പെട്ടത്. പുറത്താക്കിയതിന് പിന്നാലെ സിംഗ്ലയ്ക്കെതിരെ കേസെടുക്കാനും ഭഗവന്ത് മാൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് പൊലീസിന്റെ ആന്റി കറപ്ഷൻ വിഭാഗം വിജയ് സിംഗ്ലയെ  അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios