ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ 20 ന് നടന്നേക്കും.
ഇംഫാല്‍: മണിപൂരിൽ (Manipur) 59 നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കർ സോറോഖൈബാം രജെൻ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് ബിരേൻ സിംഗ് തുടരുമെന്നാണ് സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ 20 ന് നടന്നേക്കും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ട സാഹചര്യത്തിൽ ബിജെപി അധ്യക്ഷൻ മദൻ കൗശിക്, മുൻ മന്ത്രി സത്പാൽ മഹാരാജ് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.
- മണിപ്പൂരിൽ ഭരണത്തുടർച്ച; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
ഇംഫാല്‍: പ്രവചനങ്ങൾ ശരിവച്ച് മണിപ്പൂരിൽ (Manipur) ഭരണത്തുടർച്ചയുറപ്പിച്ച് ബിജെപി (BJP). തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും. മുപ്പത്തിയൊന്ന് സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴിഞ്ഞ തവണത്തേത് പോലെ എൻപിപിയുടെയോ, എൻപിഎഫിന്‍റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് വേണ്ടി വരില്ല. വികസനം പറഞ്ഞ് വോട്ടു പിടിച്ച ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി. മുഖ്യമന്ത്രി ബിരേൺ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികള്‍ അധികവും വിജയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ഫലം വന്ന ശേഷം ബിരേൺ സിംഗ് പ്രതികരിച്ചു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു.
