ദില്ലി: കൊറോണ വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ രോ​ഗത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് നരേന്ദ്ര മോദി. കൊറോണയ്ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്നും മോദി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ സർക്കാരിനൊപ്പം നിന്ന് പിന്തുണ നൽകുന്ന സാധാരണ ജനങ്ങളെ അഭിനന്ദിക്കുന്നു എന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ പ്രതിസന്ധിയിലാക്കിയതിൽ ഖേദിക്കുന്നു. ഇത്രയും കർശനമായ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയ കാര്യത്തിൽ നിങ്ങൾ എന്നോട് ക്ഷ്ഷമിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. മൻ കി ബാത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. 

ഞാൻ എങ്ങനെയുള്ള പ്രധാനമന്ത്രിയാണ് എന്ന് വരെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരൻമാർ ചിന്തിക്കാൻ സാധ്യതയുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. കുറച്ച് ദിവസങ്ങൾ കൂടി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. മോദിയുടെ വാക്കുകൾ. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ടാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഈ രോ​ഗം നമ്മളെ ഇല്ലാതാക്കുന്നതിന് മുമ്പ് ഇതിനെതിരെ പോരാടി തോൽപിക്കണം. നിരവധി ആരോ​ഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനഘങ്ങളിൽ സജീവമായിരിക്കുകയാണ്. മനുഷ്യർ എല്ലാവരും ഒരുമിച്ച് നിന്ന് ഈ മഹാമാരിക്കെതിരെ പോരാടണം മോദി പറഞ്ഞു.