'എനിക്ക്‌ ആര്‍എസ്‌എസ്‌ സംവിധാനങ്ങളോട്‌ എതിര്‍പ്പില്ല. എന്നാല്‍, രാജ്യത്തെ ഭിന്നിപ്പിക്കുന്ന അവരുടെ ആശയത്തെ ഞാന്‍ എതിര്‍ക്കുന്നു. മറ്റുള്ളവര്‍ അത്‌ ചെയ്‌തിട്ടില്ലെന്നല്ല ഞാന്‍ പറയുന്നത്‌. നമ്മള്‍ അവയെ എതിര്‍ക്കണം. നമ്മള്‍ പ്രതിഷേധിക്കണം. അല്ലെങ്കില്‍ ഗാന്ധിയുടെ പിന്‍ഗാമികളെന്ന്‌ പറയാൻ നമ്മൾ അർഹരല്ല'- തുഷാർ ​ഗാന്ധി പറഞ്ഞു.

പോര്‍ബന്തര്‍: ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നയത്തോട് യുദ്ധം ചെയ്യണമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്റെ മകൻ തുഷാര്‍ ഗാന്ധി. ഗാന്ധിജി മുന്നോട്ട് വച്ച ആദർശങ്ങൾക്കാകെ ആർഎസ്എസ് ഭീഷണിയായി കൊണ്ടിരിക്കുകയാണെന്നും തുഷാർ പറഞ്ഞു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവർക്ക് ഇന്നത്തെ സാഹചര്യത്തില്‍ നിഷ്‌പക്ഷരായി ഇരിക്കാന്‍ സാധിക്കും. എന്നാല്‍, ഗാന്ധിയന്‍ പ്രവര്‍ത്തകരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവർക്ക് അതിനു കഴിയില്ലെന്നും തുഷാർ ​ഗാന്ധി പറഞ്ഞു. പോര്‍ബന്തറിൽ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കസ്തൂര്‍ബാ ഗാന്ധിയുടെ 150-ാം ജന്മദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.​ 

'എനിക്ക്‌ ആര്‍എസ്‌എസ്‌ സംവിധാനങ്ങളോട്‌ എതിര്‍പ്പില്ല. എന്നാല്‍, രാജ്യത്തെ ഭിന്നിപ്പിക്കുന്ന അവരുടെ ആശയത്തെ ഞാന്‍ എതിര്‍ക്കുന്നു. മറ്റുള്ളവര്‍ അത്‌ ചെയ്‌തിട്ടില്ലെന്നല്ല ഞാന്‍ പറയുന്നത്‌. നമ്മള്‍ അവയെ എതിര്‍ക്കണം. നമ്മള്‍ പ്രതിഷേധിക്കണം. അല്ലെങ്കില്‍ ഗാന്ധിയുടെ പിന്‍ഗാമികളെന്ന്‌ പറയാൻ നമ്മൾ അർഹരല്ല'- തുഷാർ ​ഗാന്ധി പറഞ്ഞു. ഗാന്ധിസം പിന്തുടരുന്നവര്‍ക്ക്‌ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കേണ്ടി വരുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാഥുറാം ഗോഡ്‌സെ ബാപ്പുവിനെ കൊലപ്പെടുത്തിയതെന്ന് 'ലെറ്റ്സ് കിൽ ​ഗാന്ധി' എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഗാന്ധിസത്തിന് എതിരായാണ് ആര്‍എസ്എസ് ഇപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെന്നും തുഷാർ കൂട്ടിച്ചേർത്തു.