Asianet News MalayalamAsianet News Malayalam

41 ലക്ഷം പേർ കാത്തിരിക്കുന്നു: അസം പൗരത്വ റജിസ്റ്ററിന്‍റെ അന്തിമരൂപം നാളെ പുറത്തു വിടും

ഭാവി ഇരുളടയുമോ എന്ന് കാത്ത് അസമിൽ കഴിയുന്നത് ഒന്നും രണ്ടുമല്ല, 41 ലക്ഷം പേരാണ്. പട്ടികയില്ലാതെ പുറത്തായവർ എങ്ങോട്ടു പോകുമെന്നത് വലിയ ചോദ്യമാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ, രാജ്യത്തെ ഒരു സംസ്ഥാനത്തെ വലിയൊരു ജനവിഭാഗത്തിന്‍റെ ഭാവി തന്നെ നിർണയിക്കുന്ന വലിയ നീക്കമാണ് അസം പൗരത്വ റജിസ്റ്റർ. 

Final Assam Citizen List Tomorrow Tense Wait For Over 41 Lakh
Author
Dibrugarh, First Published Aug 30, 2019, 12:02 PM IST

ഗുവാഹത്തി: അസം പൗരത്വ റജിസ്റ്ററിന്‍റെ അന്തിമരൂപം നാളെ രാവിലെ 10 മണിക്ക് കേന്ദ്രസർക്കാർ പുറത്തു വിടും. അസമിൽ ഇപ്പോൾ കഴിയുന്നവരിൽ എത്ര പേർ ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുള്ളവരാണെന്നും അല്ലെന്നും വേർതിരിക്കുന്നതാണ് പൗരത്വ റജിസ്റ്റർ. പട്ടികയുടെ ആദ്യരൂപം ഒരു വർഷം മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് അസം പൗരത്വപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിടുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ഭരണകാലത്ത്, ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയുള്ള വൻ നീക്കമാണിത്. ''ഓൺലൈനായിട്ടാകും രാവിലെ പൗരത്വറജിസ്റ്റർ പുറത്തുവിടുക. ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാത്തവർക്കായി സംസ്ഥാനസർക്കാർ സേവാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. അവിടെപ്പോയി പേരുകളുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്'', കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 

ബംഗ്ലാദേശിന്‍റെ രൂപീകരണത്തിന് മുമ്പ്, 1968-ൽ കിഴക്കൻ പാകിസ്ഥാനിൽ വർഗീയലഹളകൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ജീവൻ രക്ഷിക്കാൻ സർവതും എടുത്ത് ഓടിരക്ഷപ്പെട്ട് വന്ന ലക്ഷക്കണക്കിന് മനുഷ്യരാണ്, വീണ്ടും 'പൗരത്വ'മില്ലാതെ നിൽക്കുന്നത്. അമ്പത് വർഷത്തോളം ഇന്ത്യയിൽ ജീവിച്ചിട്ടും ഇനിയും ഇവരിൽ പലർക്കും ഇന്ത്യൻ പൗരത്വം നൽകപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിൽ നിന്ന് 41 ലക്ഷം പേർ ഒഴിവാക്കപ്പെട്ടപ്പോൾ സുപ്രീംകോടതി ഇടപെട്ട് റജിസ്റ്റർ പുതുക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് 41 ലക്ഷം പേരിൽ 31 ലക്ഷം പേർ വീണ്ടും പൗരത്വം അംഗീകരിച്ച് കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. 

അന്തിമ പൗരത്വ റജിസ്റ്ററിലും തെറ്റുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ, എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റയടിക്ക് ഇവരെ 'വിദേശി'കളായി പ്രഖ്യാപിക്കില്ല. പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി 'വിദേശികളുടെ ട്രൈബ്യൂണലി'നെ സമീപിക്കാം. ഓഗസ്റ്റ് 31 മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം. ട്രൈബ്യൂണൽ രേഖകൾ പരിശോധിച്ച് അന്തിമ തീർപ്പ് കൽപിക്കും. 

ആയിരം ട്രൈബ്യൂണലുകളെങ്കിലും ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. ഇപ്പോൾ 100 ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. 200 ട്രൈബ്യൂണലുകൾ കൂടി സെപ്റ്റംബർ ആദ്യവാരം തുറക്കും. ട്രൈബ്യൂണൽ എതിരായി വിധിച്ചാൽ ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാം. പക്ഷേ, ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് എത്തിയ തീർത്തും ദരിദ്രരായ ജനങ്ങളിൽ എത്ര പേർക്ക് ഇത്തരം നിയമപോരാട്ടങ്ങൾ നടത്താൻ പണവും സ്വാധീനവുമുണ്ടെന്നതാണ് മറ്റൊരു ചോദ്യം. ആരെയും അറസ്റ്റ് ചെയ്ത് ജയിലിലിടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു.

പൗരത്വ റജിസ്റ്റർ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അതിർത്തിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാല് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ കൂട്ടം കൂടുന്നത് നിരോധിച്ചു. ഗുവാഹത്തിയിലടക്കം അക്രമം ഉണ്ടായ ഇടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അസമിൽ മാത്രം ഇരുപതിനായിരം അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. 

എല്ലാ സുരക്ഷകളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അസം പൊലീസ് ട്വീറ്റ് ചെയ്യുന്നു. വ്യാജ പ്രചാരണം നടത്തിയാൽ അറസ്റ്റുൾപ്പടെയുള്ള നടപടികളുണ്ടാകുമെന്നും അസം പൊലീസ് വ്യക്തമാക്കി. 

'യഥാർത്ഥ' പൗരൻമാർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളിൽ നിന്ന് സഹായം നൽകുമെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബിജെപിയും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികളും ചില സന്നദ്ധസംഘടനകളും സഹായം വാഗ്‍ദാനം ചെയ്യുന്നു. 

'ബംഗാളി ഹിന്ദു വോട്ട്' ബാങ്ക് കൈവിടുമോ?

അതേസമയം, പൗരത്വറജിസ്റ്ററിൽ നിന്ന് നിരവധി ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കിയെന്ന വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തു വന്നു കഴിഞ്ഞു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തന്നെ, ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട്, നിലവിൽ പട്ടികയിൽ ഉൾപ്പെട്ട 'വിദേശികളെ' പുറത്താക്കി പകരം 'യഥാർത്ഥ' പൗരൻമാരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

അസമിലെ 18 ശതമാനം വോട്ടുകൾ ബംഗാളി ഹിന്ദുവോട്ട് ബാങ്കിന്‍റെ പക്കലുണ്ട്. ഇവരിൽ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. അസമിലെ 14 സീറ്റുകളിൽ ഒമ്പതും ബിജെപി നേടിയിരുന്നു. ഗോത്ര, അസമീസ്, ബംഗാളി ഹിന്ദുക്കളുടെ വോട്ടുബാങ്ക് ഏകീകരണമായിരുന്നു ഈ മിന്നുംവിജയം ബിജെപിക്ക് സമ്മാനിച്ചത്. ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കി മുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണവും പ്രാദേശിക ബിജെപി നേതാക്കളിൽ ചിലർ തുടങ്ങിയിട്ടുണ്ട്. 

അസം പൗരത്വ റജിസ്റ്റർ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1951-ലാണ്. പിന്നീട്. ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പും ശേഷവും, അസമിലേക്ക് കുടിയേറിയവരിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ വേർതിരിക്കാനാണ് റജിസ്റ്റർ പുതുക്കുന്നത്. 

Follow Us:
Download App:
  • android
  • ios