Asianet News MalayalamAsianet News Malayalam

ഒടുവിൽ കേന്ദ്രസർക്കാർ സമ്മതിച്ചു: തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്!

നേരത്തേ തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ചോർന്ന ഈ റിപ്പോർട്ട്, നീതി ആയോഗ് വൈസ് ചെയർമാനടക്കം നിഷേധിച്ചിരുന്നു. കരട് റിപ്പോർട്ട് മാത്രമെന്നായിരുന്നു വിശദീകരണം. എന്നാലിപ്പോൾ മന്ത്രാലയം തന്നെ ഇപ്പോൾ ചോർന്ന കണക്കുകൾ സ്ഥിരീകരിക്കുകയാണ്. 

finally modi government confirms leaked data of unemployment rate is
Author
New Delhi, First Published May 31, 2019, 7:26 PM IST

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ജനുവരിയിൽ മാധ്യമങ്ങളിലൂടെ ചോർന്ന കരട് റിപ്പോർട്ടിൽ രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്ന കണക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ അന്ന് ഇത്, നീതി ആയോഗ് വൈസ് ചെയർമാനടക്കം നിഷേധിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ മന്ത്രിസഭാരൂപീകരണം കഴിഞ്ഞ ശേഷം മാത്രമാണ് മന്ത്രാലയം ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടുന്നതെന്നത് ശ്രദ്ധേയമാണ്.

 2017-18 വർഷത്തെ കണക്കാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി രൂക്ഷം. 5.3% പേർക്കും തൊഴിലില്ല. അങ്ങനെ ആകെ കണക്കാക്കിയാൽ രാജ്യമെങ്ങും 6.1 % പേർക്ക് തൊഴിലില്ല. 

പുരുഷൻമാർക്കിടയിൽ ഈ കണക്ക്, 6.2 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ 5.7% പേർക്ക് തൊഴിലില്ല. 

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനുവരിയിൽ ഈ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ ചോർന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അന്ന് എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ശക്തമായി നിഷേധിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും, കരട് റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമാണിതെന്നുമായിരുന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞത്. 

തെരഞ്ഞെടുപ്പിന് മുമ്പേ വൻ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന ഈ കണക്കുകൾ നരേന്ദ്രമോദി സർക്കാർ പുറത്തുവരാതെ പൂഴ്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. 

എന്തായിരുന്നു ആ റിപ്പോർട്ട്?

രാജ്യത്ത് രൂക്ഷമായ തൊഴില്ലായ്മയാണ് നിലനിൽക്കുന്നതെന്ന കണക്ക് തയ്യാറാക്കിയത് ദേശീയ സാംപിൾ സർവേ ഓഫീസാണ് (NSSO- National Sample Survey Office). തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്ന് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനം നടപ്പാക്കിയ ശേഷം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിലുണ്ടായ മാറ്റമായിരുന്നു ഈ ഏജൻസി പഠിച്ചത്. ഡിസംബറിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ കേന്ദ്രസർക്കാർ പൂഴ്‍ത്തിയതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ടംഗങ്ങൾ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഈ റിപ്പോർട്ടനുസരിച്ച് 6.1 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ 45 വർഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. 1973 മുതലുള്ള തൊഴിലില്ലായ്മാ നിരക്ക് വച്ചുള്ള താരതമ്യപഠനമാാണ് NSSO നടത്തിയത്. 2016 നവംബറിൽ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനം നടത്തുന്നത്. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മാനിരക്ക് വളരെ ഉയർന്ന നിരക്കിലാണെന്നാണ് പഠനം പറയുന്നത്. ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ (പ്രായം 15-29) തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലുള്ള സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ (പ്രായം 15-29) 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 4.8 ശതമാനം മാത്രമായിരുന്നു. 

നഗരമേഖലകളിലാകട്ടെ കണക്ക് ഭീകരമാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനവും. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്ത യുവാക്കൾ 2004-05 കാലം വച്ചു നോക്കിയാൽ 2016-17-ൽ വളരെക്കൂടുതലാണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 17.3 ശതമാനം സ്ത്രീകൾക്കും തൊഴിലില്ല. 2004-05-ൽ ഇത് 9.7 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 10.5 ശതമാനം പുരുഷൻമാർക്കും തൊഴിലില്ല. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു.

ഇതിന് മുമ്പ് രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് 2.2% തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു ഏറ്റവുമുയർന്ന നിരക്ക്. 

Follow Us:
Download App:
  • android
  • ios