13 ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള ഹരീഷ്, സെമുറിയ ഇൻക് എന്ന വെഞ്ച്വർ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെയ്സൺ സാമുവലുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കടുത്ത സൈബർ അറ്റാക്ക് നേരിട്ടിരുന്നുവെന്നും ഇതിൽ മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ചെന്നൈ: ഇൻസ്റ്റഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ ജീവനൊടുക്കി. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും 'ഫൈനാൻസ് വിത്ത് ഹരീഷ്' എന്ന ജനപ്രിയ സോഷ്യൽ മീഡിയ ബ്രാൻഡ് നടത്തിയിരുന്ന വി. ഹരീഷിനെ (27) ചെന്നൈയിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനി സിഇഒയുടെ സൈബർ ഭീഷണിയാണ് മകന്റെ മരണത്തിന് കാരണമെന്ന് ഹരീഷിന്റെ പിതാവ് ആരോപിച്ചു. മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, ഹരീഷ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി സിഇഒ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
13 ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള ഹരീഷ്, സെമുറിയ ഇൻക് എന്ന വെഞ്ച്വർ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെയ്സൺ സാമുവലുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കടുത്ത സൈബർ അറ്റാക്ക് നേരിട്ടിരുന്നുവെന്നും ഇതിൽ മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഹരീഷിന്റെ സാമ്പത്തിക ഉപദേശക യോഗ്യതകളെ ചോദ്യം ചെയ്ത് ജെയ്സൺ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ ഹരീഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് പുതിയ അക്കൗണ്ടിലൂടെയാണ് ഹരീഷ് വീഡിയോകൾ പങ്കുവെച്ചിരുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ജെയ്സൺ സാമുവൽ രംഗത്തെത്തി. ഹരീഷിന്റെ മരണവാർത്തയിൽ അതിയായ ദുഃഖമുണ്ടെന്നും എന്നാൽ താൻ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം 'എക്സ്' പ്ലാറ്റ്ഫോമിൽ കുറിച്ചു. ഹരീഷ് സെബി അംഗീകൃത ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ അല്ലായിരുന്നുവെന്നും, മ്യൂച്വൽ ഫണ്ട് വിതരണത്തിനുള്ള എ.ആർ.എൻ നമ്പർ അടുത്തിടെ മാത്രമാണ് സ്വന്തമാക്കിയതെന്നും ജെയ്സൺ അവകാശപ്പെട്ടു. മതിയായ ലൈസൻസില്ലാതെ സാമ്പത്തിക ഉപദേശങ്ങൾ നൽകുന്നതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും, കൃത്യമായ ലൈസൻസ് നേടി വീണ്ടും സജീവമാകാനാണ് താൻ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു ദാരുണമായ സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


